ചവറ
ദേശീയപാത 66ൽ കന്നേറ്റി പാലത്തിനു സമീപം റോഡ് ഇടിഞ്ഞ് നാല് മീറ്ററോളം ആഴത്തിൽ ഗർത്തം രൂപപ്പെട്ടു. കാൽനട യാത്രക്കാർ കുഴി കണ്ടതിനാൽ വലിയ അപകടം ഒഴിവായി. ദേശീയപാതയിൽ പന്മനയിൽ കരുനാഗപ്പള്ളിക്കും കന്നേറ്റിക്കും ഇടയിലുള്ള പാലം_തുടങ്ങുന്നതിന്റെ കിഴക്കുഭാഗത്താണ് ഫുട്പാത്തും റോഡും ഒന്നായി ഇളകി കുഴി രൂപപ്പെട്ടത്. ഞായർ രാവിലെ 10നാണ് കുഴി വലുതായത്.
ചവറ സിഐ എ നിസാമുദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഇതുവഴി കടന്നുവരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. വൈകിട്ട് കുഴി താൽക്കാലികമായി നികത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കുഴി രൂപപ്പെട്ട സ്ഥലത്ത് പൊലീസ് പിക്കറ്റിങ് ഏർപ്പെടുത്തി. വരുംദിവസങ്ങളിൽ റോഡ് ബലപ്പെടുത്തി ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമെ ഇതിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.