കൊച്ചി
മലയാള ഭാഷയുടെ അനന്തസാധ്യതകൾ പുതിയ കാലത്തിനുമുന്നിൽ തുറന്നുവച്ച് ‘ആർപ്പോയ്’. ഇന്റർനെറ്റിൽ വിന്യസിച്ച മലയാളം ശബ്ദരേഖകളുടെ സമാഹാരമാണ് ‘ആർപ്പോയ്’. മലയാളത്തിലെ ആദ്യ ഓൺലൈൻ ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ആർപ്പോയ് (aarpoy) ആപ് നവംബർമുതൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ലഭ്യമാകും. യൂട്യൂബ് പോലെയുളള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ആവശ്യമുള്ളപ്പോൾ പരിപാടികൾ തെരഞ്ഞെടുത്ത് കാണാം. അത്തരത്തിൽ ഇന്റർനെറ്റിൽ വിന്യസിച്ച മലയാള ശബ്ദരേഖകളുടെ സമാഹാരമാണ് ആർപ്പോയ്.
പുതിയ പാട്ടുകൾ, കഥപറച്ചിലുകൾ, നാടകാവിഷ്കാരങ്ങൾ, കുറ്റാന്വേഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ്, അനുഭവങ്ങൾ എന്നിവയെല്ലാം കേട്ട് ആസ്വദിക്കാം. പ്രമുഖരുടെ കഥകളും ഇതിലുണ്ട്. ജീവിതാനുഭവങ്ങളും ലോകത്തെ വിവിധ സംഗീതശാഖകളും ഇതിലൂടെ കേൾക്കാം. ചലച്ചിത്രപ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ സേവന രംഗത്തുള്ളവരുമടങ്ങുന്ന കൂട്ടായ്മയായ ‘കലക്ടീവ് ഫേസ് വൺ’ ആണ് ആർപ്പോയ് ഓഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോമിനുപിന്നിൽ. 2012ൽ ഐഡി എന്ന ചലച്ചിത്രത്തിന്റെ നിർമാണത്തോടെയായിരുന്നു തുടക്കം. പിന്നീട്, അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ്, കമ്മട്ടിപ്പാടം, ഈട, കിസ്മത്, ആഭാസം, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിർമാണത്തിൽ പങ്കാളികളായി.