ഭോപാൽ
ഞായറാഴ്ച പത്രത്തിനൊപ്പം കിട്ടിയ പരസ്യ നോട്ടീസ് കണ്ട് മധ്യപ്രദേശിലെ ബാലാഗട്ട് നഗരവാസികൾ ഞെട്ടി. അയൽനഗരം ഗോണ്ടിയയിലെ പമ്പിൽ പെട്രോളിനും ഡീസലിനും നാല് രൂപ കുറവ്! പെട്രോൾ അടിക്കുന്ന വാഹനങ്ങളുടെ ടയറിൽ സൗജന്യമായി നൈട്രജനും നിറച്ചുകൊടുക്കും. 45 കിലോമീറ്റർ മാത്രം അകലെയെങ്കിലും ഗോണ്ടിയ മഹാരാഷ്ട്രയിലാണ്. ബാലാഗട്ടിൽനിന്ന് നിരവധിയാളുകളാണ് വിലക്കുറവുള്ള പമ്പിലേക്ക് പാഞ്ഞത്.
ഞായറാഴ്ച 36 പൈസകൂടി കൂടിയതോടെ ഒരു ലിറ്റർ പെട്രോളിന് ബാലാഗട്ടിൽ 120.42 രൂപയായി. ഡീസലിന് 109.69 രൂപ. ഞായറാഴ്ചത്തെ വർധന 37 പൈസ. എന്നാൽ, ഗോണ്ടിയയിൽ പെട്രോളിന് 116.29 രൂപയും ഡീസലിന് 105.72 രൂപയും മാത്രമെന്നായിരുന്നു പമ്പ് ഉടമ അശോക് ബജാജ് നൽകിയ പരസ്യം. സംസ്ഥാനങ്ങളിലെ വിലവ്യത്യാസം മുതലാക്കുകയായിരുന്നു പമ്പ് മുതലാളി.