അബുദാബി
നമീബിയയെ 62 റണ്ണിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ട്വന്റി–-20 ക്രിക്കറ്റ് ലോകകപ്പിൽ മുന്നോട്ട്. മൂന്ന് കളിയിൽ രണ്ട് ജയവുമായി നാല് പോയിന്റോടെ രണ്ടാംഗ്രൂപ്പിൽ രണ്ടാമതായി. മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി പാകിസ്ഥാനാണ് ഒന്നാംസ്ഥാനത്ത്.
അഫ്ഗാൻ പേസർമാരാണ് അനായാസ ജയമൊരുക്കിയത്. മൂന്ന് ഓവറിൽ 17 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നവീൻ ഉൽ ഹഖാണ് കളിയിലെ താരം. ഹമീദ് ഹസൻ നാല് ഓവറിൽ മൂന്ന് വിക്കറ്റെടുത്തപ്പോൾ വിട്ടുകൊടുത്തത് ഒമ്പത് റൺ. ഗുൽബദിൻ നെയ്ബിന് രണ്ട് വിക്കറ്റുണ്ട്. സ്പിന്നർ റഷീദ് ഖാൻ ഒരു വിക്കറ്റെടുത്തു. സ്കോർ: അഫ്ഗാനിസ്ഥാൻ 5–-160, നമീബിയ 9–-98.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ അഫ്ഗാൻ ധൈര്യം കാണിച്ചു. ഓപ്പണറായ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്സാദ് 45 റണ്ണെടുത്തു. ഹസ്രത്തുള്ള സസായ് (33), അസ്ഗർ അഫ്ഗാൻ (31) എന്നിവർ പിന്തുണ നൽകി. 17 പന്തിൽ 31 റണ്ണുമായി ക്യാപ്റ്റൻ മുഹമ്മദ് നബി പുറത്താകാതെനിന്നു. നമീബിയക്ക് ഒരിക്കലും വിജയത്തിലേക്ക് ബാറ്റ് വീശാനായില്ല. 26 റണ്ണെടുത്ത ഡേവിഡ് വീസാണ് ടോപ് സ്കോറർ. നമീബിയയുടെ രണ്ടാംതോൽവിയാണിത്.















