അബുദാബി
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഗർ അഫ്ഗാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ട്വന്റി–-20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിനുശേഷമാണ് വിടവാങ്ങൽ. ഈ മത്സരത്തിൽ 23 പന്തിൽ 31 റണ്ണടിച്ചു മുപ്പത്തിമൂന്നുകാരൻ.
പതിനേഴ് വർഷം രാജ്യാന്തര ക്രിക്കറ്റിൽ നിറഞ്ഞുനിന്ന അസ്ഗർ അഫ്ഗാനിസ്ഥാൻ ടീമിനെ മുൻനിരയിൽ എത്തിച്ചതിൽ പ്രധാനിയാണ്. ആറ് ടെസ്റ്റും 114 ഏകദിനങ്ങളും കളിച്ചു. 75 ട്വന്റി–-20 മത്സരങ്ങളിൽ പങ്കാളിയായി. മധ്യനിര ബാറ്റർ ആകെ നേടിയത് 4215 റൺ. 115 മത്സരങ്ങളിലാണ് അഫ്ഗാനെ നയിച്ചത്.
ഏറ്റവും കൂടുതൽ ട്വന്റി–-20 വിജയം നേടിയ ക്യാപ്റ്റനാണ്. 52 കളിയിൽ 42 ജയം. തുടർച്ചയായി 46 കളിയിൽ ടീമിനെ നയിച്ച ബഹുമതിയും സ്വന്തം. 2018ൽ ഇന്ത്യക്കെതിരെയായിരുന്നു അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ്. സഹോദരൻ കരീം ജാനത്ത് ദേശീയ ടീമിലുണ്ട്.















