ന്യൂഡൽഹി
തെരുവില് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് സ്വീകരിച്ച നടപടികള് അറിയിക്കാന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം. പുനരധിവാസത്തിനായി ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻസിപിസിആർ)ഇറക്കിയ അടിസ്ഥാന മാര്‍ഗരേഖ(എസ്ഒപി) പ്രകാരം എന്തെല്ലാം നടപടിയെടുത്തെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നല്കണമെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഭിക്ഷ യാചിച്ച് ജീവിക്കുന്ന കുട്ടികള് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് 2(14) പ്രകാരം സംരക്ഷിക്കേണ്ടവരുടെ വിഭാഗത്തിലാണ്. ഒറ്റയ്ക്ക് തെരുവിൽ കഴിയുന്ന കുട്ടികൾ, പകൽ തെരുവിൽ കഴിഞ്ഞ് രാത്രി മടങ്ങുന്നവര്, കുടുംബവുമൊത്ത് തെരുവുകളിൽ കഴിയുന്നവര് എന്നീ മൂന്ന് വിഭാഗത്തേയും സംരക്ഷിക്കേണ്ടവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തണം. ഇക്കാര്യത്തില് സ്വീകരിച്ച നടപടികള് ബാലാവകാശ കമീഷനും സംസ്ഥാനങ്ങളും നടപടികള് അറിയിക്കണം. 15ന് കേസ് വീണ്ടും പരിഗണിക്കും.