റോം
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്ത്തനങ്ങള് ശക്തമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ജി 20 ഉച്ചകോടി സമാപിച്ചു. ഈ വർഷാവസാനത്തോടെ വിദേശത്തുള്ള കൽക്കരി പ്ലാന്റുകൾക്ക് ധനസഹായം നൽകുന്നതില് നിന്നുള്പ്പെടെ പിന്മാറുമെന്ന് ജി 20 നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതതിൽ മുക്കാൽ ഭാഗവും 20 രാജ്യങ്ങളില് നിന്നാണ്.
ശനിയാഴ്ച ആരംഭിച്ച ഉച്ചകോടി കോവിഡ് പ്രതിസന്ധി, സുസ്ഥിര വികസനം, കോര്പറേറ്റ് നികുതി, ആഗോള സാമ്പത്തിക നില ഉള്പ്പെടെയുള്ള വിഷയങ്ങള് ചര്ച്ച ചെയ്തു. ആഗോളതലത്തില് കോവിഡ് വാക്സിന് ലഭ്യത ഉറപ്പാക്കാന് ജി 20 ഉച്ചകോടി ആഹ്വാനം ചെയ്തു.
കോവിഡ് പ്രതിസന്ധിയില് നിന്നുള്ള ആഗോള സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട ചര്ച്ചയില്, പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്ക്ക് വാക്സിന് മൈത്രിയിലൂടെ പ്രതിരോധ വാക്സിന് ലഭ്യമാക്കാൻ പ്രവര്ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. 2022 അവസാനത്തോടെ അഞ്ഞൂറ് കോടി ഡോസ് വാക്സിൻ നിർമിക്കാൻ ഇന്ത്യ തയ്യാറാണ്. ഇന്ത്യൻ നിർമിത കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകാത്തതും ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാൻചെസ് ഉള്പ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കുശേഷം കാലാവസ്ഥാ ഉച്ചകോടിയില് പങ്കെടുക്കാൻ പ്രധാനമന്ത്രി ഗ്ലാസ്ഗോയിലേക്ക് പോയി.
2023ല് ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.