ന്യൂഡൽഹി
കടുത്ത മതവർഗീയത ഉയർത്തി ബിജെപിയും കർഷകസമരവും വിലക്കയറ്റവും അടക്കമുള്ള ജനകീയ വിഷയമുയർത്തി പ്രതിപക്ഷ പാർടികളും സജീവമായതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് രാഷ്ട്രീയം ചൂടുപിടിച്ചു. പ്രധാന പ്രതിപക്ഷ പാർടിയായ സമാജ്വാദി പാർടിയാണ് ബിജെപിക്ക് വെല്ലുവിളിയുയർത്തുന്നത്. നേതാക്കൾ കൂട്ടമായി പാർടി വിട്ടതോടെ മായാവതിയുടെ ബിഎസ്പി ദുർബലമായി. അടിത്തട്ടിൽ പ്രവർത്തകരില്ലാത്തതിനാൽ പ്രിയങ്ക ഗാന്ധിയെ മുന്നിൽനിർത്തി സജീവമാകാനുള്ള കോൺഗ്രസിന്റെ ശ്രമം എങ്ങുമെത്തുന്നില്ല. അയോധ്യയിലെ രാമക്ഷേത്ര നിർമാണമടക്കം ആഘോഷമാക്കി കളം പിടിക്കാൻ ആംആദ്മിയും ശ്രമിക്കുന്നു.
കഴിഞ്ഞ ദിവസം ബിജെപി അംഗത്വവിതരണത്തിന് തുടക്കമിട്ട് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നു. 2024ൽ മോദി വീണ്ടും പ്രധാനമന്ത്രിയാകണമെങ്കിൽ യോഗിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ഷാ ആഹ്വാനം ചെയ്തു. യുപിയിൽ തോറ്റാൽ കേന്ദ്രഭരണവും നഷ്ടപ്പെടും എന്ന ബിജെപിയുടെ ആശങ്കയാണ് ഷായുടെ വായിൽനിന്ന് പുറത്തുവന്നത്. അയോധ്യാപ്രശ്നത്തിന് മോദി പരിഹാരം കണ്ടെന്നും ബാബാ വിശ്വനാഥിന്റെ നാടും രാമ–-കൃഷ്ണ ജന്മഭൂമിയുമായ യുപി, മുഗൾ ഭരണത്തിനുശേഷം ഇതാദ്യമായി അതിന്റെ സ്വത്വം വീണ്ടെടുത്തു. കൈരാനയിലെ കൂട്ടപലായനം തന്റെ രക്തം തിളപ്പിച്ചു. എന്നാൽ, പലായനത്തിന് നിർബന്ധിതരാക്കിയവർതന്നെ ഇപ്പോൾ പലായനം ചെയ്തു–- ഷാ പറഞ്ഞു. യുപിയിലെ ബിജെപി ഭരണത്തിന് കർഷകർ അന്ത്യംകുറിക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഭരണത്തിൽ ഏറ്റവും ദുരിതം അനുഭവിച്ചത് കർഷകരാണ്.
അവർ സർക്കാരിനെ താഴെയിറക്കും–- അഖിലേഷ് പറഞ്ഞു. ബിഎസ്പിയിൽനിന്ന് ആറ് എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും ശനിയാഴ്ച എസ്പിയിൽ ചേർന്നു. നേരത്തേ ബിഎസ്പിയുടെയും കോൺഗ്രസിന്റെയും പല മുതിർന്ന നേതാക്കളും എസ്പിയിൽ അംഗത്വമെടുത്തിരുന്നു.
ബിഎസ്പിയുമായോ കോൺഗ്രസുമായോ കൂട്ടുക്കെട്ടിന് എസ്പി ഇക്കുറി തയ്യാറായിട്ടില്ല. എന്നാൽ ആർഎൽഡി, സുഹൽദേവ് ഭാരതീയ സമാജ്പാർടി തുടങ്ങിയ കക്ഷികളുമായി സഖ്യത്തിലെത്തും. നേരത്തേ എൻഡിഎ ഘടകകക്ഷിയായിരുന്നു സുഹൽദേവ് പാർടി.
യോഗി ഭരണത്തിൽ കാര്യമായ നേട്ടങ്ങളൊന്നും ഉയർത്തിക്കാട്ടാനില്ലാത്തതിനാൽ അയോധ്യയും വർഗീയതയും തന്നെയാകും ബിജെപിയുടെ പ്രചാരണായുധം. ലഖിംപ്പുർ ഖേരിയിലെ കർഷക കൂട്ടക്കുരുതിയടക്കമുള്ളവ ബിജെപിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. യോഗിയെത്തന്നെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടെനിന്ന പല ജാതി വിഭാഗങ്ങളെയും അകറ്റും.