തങ്ങളെ പോലീസ് ‘ഐറ്റം’ എന്ന് വിളിച്ചെന്നാണ് വീണ ആരോപിക്കുന്നത്. മാർച്ചിനിടെ പരിക്കേറ്റ തങ്ങൾക്ക് പോലീസ് പ്രഥമ ശുശ്രൂഷ പോലും നൽകിയില്ലെന്നും വീണ ആരോപിച്ചു.
വീണ പറയുന്നത് ഇങ്ങനെ- പോലീസ് സ്റ്റേഷനിൽ എത്തിയ ഉടനെ ഞങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് പോലീസിനോട് അഭ്യർത്ഥിച്ചു. മുറിവ് സെപ്റ്റിക്ക് ആകാൻ സാധ്യതയുണ്ട് എന്നെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ വീണ്ടും വീണ്ടും അഭ്യർത്ഥിച്ചു കൊണ്ടിരിന്നു. എന്നാൽ രാഷ്ട്രീയ തിമിരം ബാധിച്ച ഇവർക്ക് എന്ത് മുനുഷ്യത്വം.അതിനിടെ അഖിലയ്ക്കും എനിക്കും തലകറക്കം ഉണ്ടായി. ഒരു ഗ്ലാസ് വെള്ളം പോലും തരാൻ അവർ കൂട്ടാക്കിയില്ല. നിയമ പഠനത്തിന്റെ ഭാഗമായി പഠിച്ച മനുഷ്യാവകാശ നിയമങ്ങളും,ഭരണഘടനാ വ്യവസ്ഥകളും, സിആർപിസി, ഡികെ ബസു കേസുമെല്ലാം വെറും പുസ്തക താളുകളിൽ ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്.
ഞങ്ങളെ കാണാൻ വന്ന ടി സിദ്ദിഖ് എംഎൽഎ പോലീസുകാരോട് എത്രയും പെട്ടന്ന് ഞങ്ങളെ ആശുപത്രിയിൽ എത്തിക്കണം എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെയുള്ള അനുജന്മാർ ഞങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു.
തുടർന്ന് ഞങ്ങളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. മുറിവ് സെപ്റ്റിക്ക് ആകാൻ സാധ്യതയുള്ളതിനാൽ ടിടി ഇൻജെക്ഷൻ നൽകി. ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു എന്നെ കാണാൻ വന്ന ഭർത്താവിനോട് പോലീസ് അപമാര്യദയായി പെരുമാറി. മുറിവേറ്റ എന്നോട് സംസാരിച്ച ഭർത്താവിനോട് പുറത്തു തട്ടി മാറി നിൽക്കാൻ പറഞ്ഞു. എന്റെ ഭാര്യയാണ് എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ “പോലീസ് കസ്റ്റടിയിലുള്ള പ്രതിയാണ് അങ്ങിനെ സംസാരിക്കാനൊന്നും സാധിക്കില്ല എന്ന് പോലീസുകാരൻ ഗൗരവ സ്വരത്തിൽ പറഞ്ഞു”. അതുക്കൊണ്ട് ആരായാലും മാറി നിൽക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മാറി നിന്നു. തുടർന്ന് എന്നെ ഡ്രസ്സ് ചെയ്യാൻ കൊണ്ടുപോയി.
അപ്പോൾ കയറിവന്ന കാന്റോൻമെന്റ് സിഐ ഉറച്ച സ്വരത്തിൽ അതിലധികം പുച്ഛത്തോടെ എന്റെ ഭർത്താവിന്റെ മുൻപിൽ വച്ച് അടുത്ത് നിന്ന കീഴുദ്യോഗസ്ഥനോട് ചോദിച്ചു ” ഇപ്പോൾ കൊണ്ടുവന്ന “ഐറ്റങ്ങൾ” എവിടെപ്പോയി?”. അപ്പോൾ ആ പോലീസുകാരൻ പറഞ്ഞു ” ഒരാളെ ഡ്രസ്സ് ചെയ്യാൻ കൊണ്ടുപോയി, മറ്റയാൾ അവിടെ ഡ്രിപ് ഇട്ടു കിടപ്പുണ്ട് “. ഇത് എന്നോട് ഭർത്താവ് പറയുന്നതിനിടക്ക് എന്നെ വനിതാ പോലീസുകാർ പിടിച്ചു കൊണ്ടുപോയി.
അങ്ങിനെ പോലീസിന്റെ ” ഐറ്റങ്ങൾ” നാല് ദിവസം ജയിലിൽ കിടന്നു. ഇന്ന് പുറത്തു വന്നു. വനിതാ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ സർക്കാരിൻ്റെ കീഴിലുള്ള അഭ്യന്തര വകുപ്പ് എന്ത് സ്ത്രീ സുരക്ഷാ സന്ദേശമാണ് നൽകുന്നത് .
ഐറ്റം വിളി നടത്തിയ പോലീസുകാരൻ്റെ മകളും അമ്മയും ഭാര്യയും അയാളെ തിരുത്തട്ടെ. എനിക്ക് ഏറ്റവും രസമായി തോന്നിയ കാര്യം “നിയമസഭയ്ക്ക് അകത്ത് എല്ലാം തല്ലിപൊളിച്ചവർ ഒരു ദിവസം പോലും അഴിക്കുള്ളിൽ കിടന്നില്ല. എന്നാൽ പുറത്ത് പ്രകടനം നടത്തിയ ഏഴ് വനിതകൾ(രണ്ട് മുലയൂട്ടൂന്ന അമ്മമാർ )നാല് ദിവസം അഴിക്കുള്ളിൽ.” സ്ത്രി സുരക്ഷയും സ്ത്രീ ശാക്തീകരണവും നീണാൾ വാഴട്ടെ.” വീണ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് നേതാക്കളെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി- സ്ത്രീകളോട് പൊതുസമൂഹം എങ്ങനെ പെരുമാറുന്നുവെന്ന അളവുകോല്‍ വച്ചാണ് ഒരു സമൂഹം പരിഷ്‌കൃതമാണോയെന്ന് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ കേരളം പരിഷ്‌കൃത സമൂഹമല്ലെന്നു പറയേണ്ടി വരുമെന്ന്, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പരിഹസിക്കുന്നതും അപമാനിക്കുന്നതും കേരളത്തില്‍ പതിവ് രീതിയായി മാറിയിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ തേടുന്ന ഒരമ്മയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കളോടുള്ള പൊലീസിന്റെ സമീപനം എന്തായിരുന്നു? പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ വനിതാ നേതാക്കള്‍ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശമാണ് കന്റോണ്‍മെന്റ് സിഐ നടത്തിയത്. പൊലീസ് കസ്റ്റഡിയില്‍ നേരിട്ട അവഹേളനത്തെ കുറിച്ചും അപമാനത്തെ കുറിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ വീണ എസ് നായര്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. ആ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇതാണോ കേരള പൊലീസിന്റെ നയവും ഭാഷയുമെന്ന് മുഖ്യമന്ത്രി പറയണം. നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പെണ്‍കുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാന്‍ അറിയാത്തയാള്‍ നിയമപാലകനായിരിക്കാന്‍ യോഗ്യനല്ല.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ജാതീയമായി അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരല്‍ അനക്കാതിരുന്ന പൊലീസാണ് ഇവിടുത്തേത്. സിപിഐ മന്ത്രിമാര്‍ മൗനം അലങ്കാരമാക്കിയതു പോലെയാണ് ഞങ്ങളുമെന്നു കരുതരുത്. സമരമുഖത്ത് തല്ലിച്ചതച്ചാലും സൈബര്‍ ആക്രമണം നടത്തിയാലും തകരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം. ഭരണത്തിന്റെ തണലില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ അഹങ്കാരവും കൈയ്യൂക്കും കാട്ടാമെന്നോ ഞങ്ങളുടെ സഹോദരിമാരെ അപമാനിക്കമെന്നോ കരുതേണ്ട. ഞങ്ങളുടെ പെണ്‍കുട്ടികളെ വാക്കുകള്‍ കൊണ്ടുപോലും അരക്ഷിതരാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കും. പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.