പുന്നപ്രവയലാറിലെ വീരപോരാട്ടത്തിന്റെ അമ്പത്തിരണ്ടാം വാർഷികത്തിലാണ് 1998 ഒക്ടോബർ 30 ന് ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്ന ചിത്രം തീയറ്ററിലെത്തിയത്. ചരിത്രത്തില് നിന്നും ‘പ്രചോദനം’ ഉള്ക്കൊണ്ട് ഒരു ജനപ്രിയ കഥ പറയാനാണ് സിനിമയുടെ പിന്നണി പ്രവര്ത്തകര് ശ്രമിച്ചത്. പുന്നപ്രവയലാർ സമരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആചരിക്കുന്ന വേളയിൽ ചിത്രത്തെപ്പറ്റി സാജു ഗംഗാധരന് എഴുതുന്നു.
‘എണ്ണായിരം പോലീസും നാലായിരം പട്ടാളക്കാരും ഉള്ള തിരുവിതാംകൂറിന്റെ തലവനായിട്ടാണ് ഞാന് സംസാരിക്കുന്നതെന്ന് നിങ്ങള്ക്കറിയാമോ?’ 1946 ഒക്ടോബര് 22 മുതല് തൊഴിലാളി പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ താന് വിളിച്ചിട്ട് സന്ധിസംഭാഷണത്തിന് എത്തിയ തിരുവിതാംകൂര് ഐക്യ ട്രേഡ് യൂണിയന് നേതാക്കളായ ടി. വി. തോമസ്, എന്. ശ്രീകണ്ഠന്നായര്, കണ്ണന്തോടത്ത് ജനാര്ദ്ദനന് നായര് എന്നിവരോട് ദിവാന് സി. പി. രാമസ്വാമി അയ്യര് ഭീഷണി സ്വരത്തില് പറഞ്ഞു.
ഇതേ രംഗം ‘രക്തസാക്ഷികള് സിന്ദാബാദ്’ എന്ന ചലച്ചിത്രത്തില് പുനരാവിഷ്ക്കരിക്കുന്നുണ്ട്. അത് മറ്റൊരു തരത്തില് ആണെന്ന് മാത്രം. മര്ദ്ദകവീരനായ പോലീസ് ഓഫീസര് ദണ്ഡപാണി ദിവാന് ചില കാര്യങ്ങള് സംസാരിക്കാനുണ്ട് എന്നു പറഞ്ഞാണ് കമ്യൂണിസ്റ്റ് നേതാക്കളായ ശിവ സുബ്രമണ്യത്തെയും മാപ്ലശ്ശേരി ഉറുമീസ് തരകനെയും വിളിച്ചുകൊണ്ടു പോകുന്നത്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില് നിന്നും പിന്മാറണമെന്നും പകരമായി ഉറുമീസ് തരകന് മദ്രാസില് ഉയര്ന്ന ഉദ്യോഗവും ശിവസുബ്രഹ്മണ്യത്തിന് മൈസൂരില് ആയിരം ഏക്കര് മുന്തിരിത്തോട്ടവുമാണ് ദിവാന് വാഗ്ദാനം ചെയ്യുന്നത്. എന്നാല് ദിവാന്റെ വാഗ്ദാനത്തെ പുച്ഛിച്ച് തള്ളി ഇറങ്ങിവരികയാണ് നേതാക്കള് ചെയ്തത്.
ടി. വി. തോമസ്
പുന്നപ്ര വയലാര് സമരത്തെ ആധാരമാക്കി നിര്മ്മിക്കപ്പെട്ട് 1998 ഒക്ടോബര് 30നു തിയറ്ററുകളില് പ്രദര്ശനത്തിനെത്തിയ രക്തസാക്ഷികള് സിന്ദാബാദ് ചരിത്രത്തിന്റെ യഥാതഥമായ അവതരണമല്ല കഥ പറയാനുള്ള ഉപാധിയായി സ്വീകരിച്ചത് എന്നു ചൂണ്ടിക്കാണിക്കാന് വേണ്ടി മാത്രമാണു ഇത്രയും പറഞ്ഞത്.
ചരിത്രത്തില് നിന്നും ‘പ്രചോദനം’ ഉള്ക്കൊണ്ട് ഒരു ജനപ്രിയ കഥ പറയാനാണ് സിനിമയുടെ പിന്നണി പ്രവര്ത്തകര് ശ്രമിച്ചത്. സിനിമയുടെ ആമുഖമായി സംവിധായകന് വേണു നാഗവള്ളി ഈ കാര്യം വ്യക്തമായി പറയുന്നുണ്ട്. ‘ഇത് ഒരു കഥയാണ്, ചരിത്രം ഒരു ഇന്സ്പിരേഷനും. ഒരു കാലഘട്ടത്തിന്റെ വിപ്ലവവീര്യം മൂന്നു സഖാക്കളിലൂടെ പറയുന്ന കഥയാണ് രക്തസാക്ഷികള് സിന്ദാബാദ്.’
കുട്ടനാട് കര്ഷകത്തൊഴിലാളി യൂണിയന്റെ ആദ്യ പ്രസിഡണ്ട് ടി. കെ. വര്ഗ്ഗീസ് വൈദ്യന്റെ മകനും തിരക്കഥാകൃത്തുമായ ചെറിയാന് കല്പ്പകവാടിയുടെ കഥയ്ക്ക് സംവിധായകന് വേണു നാഗവള്ളിയും കല്പ്പകവാടിയും ചേര്ന്നൊരുക്കിയ തിരക്കഥ ലക്ഷണമൊത്ത ജനപ്രിയ സിനിമയുടെ ചിട്ടവട്ടങ്ങള് ഒപ്പിച്ചിട്ടുള്ളതാണെങ്കിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്ട്ടിയുടെ ചരിത്രത്തിലെ വീറുറ്റ ഒരേടിനെ ആവേശം ചോരാതെ അഭ്രപാളിയില് എത്തിക്കുന്നതില് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തില് സംശയമില്ല.
വേണു നാഗവള്ളി ചെറിയാന് കല്പ്പകവാടി
അതേസമയം സിനിമ റിലീസ് ആയതിനു പിന്നാലെ ഉയര്ന്നുവന്ന ചരിത്രത്തോട് നീതി കാണിച്ചില്ല എന്ന വിമര്ശനത്തെ അപ്പാടെ നിരാകരിക്കാനും പറ്റില്ല. 1968 ല് പ്രദര്ശനത്തിനെതിയ കുഞ്ചാക്കോ സംവിധാനം ചെയ്ത ഉദയായുടെ ‘പുന്നപ്ര വയലാറി’നെക്കാള് ചരിത്ര മുഹൂര്ത്തങ്ങളെയും ജീവിച്ചിരുന്ന മനുഷ്യരെയും കഥ പറയാന് ആശ്രയിക്കുന്നുണ്ട് ‘രക്തസാക്ഷികള് സിന്ദാബാദ്’ എന്നത് തന്നെയാണ് ഈ ‘കളര്ഫുള്ളായ’ സിനിമയുടെ പ്രസക്തി വര്ദ്ധിപ്പിക്കുന്നത്.
ഇ. എം. എസ്
1998 മാര്ച്ച് 19നു അന്തരിച്ച ഇന്ത്യന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനും ആദ്യ കേരള മുഖ്യമന്ത്രിയുമായ ഇ. എം. എസ് നമ്പൂതിരിപ്പാടിനാണ് സിനിമ സമര്പ്പിക്കുന്നത്. ഇ. എം എസിന്റെ ഛായയുള്ള ഒരു കഥാപാത്രം സിനിമയിലുണ്ട്. കരമന ജനാര്ദ്ദനന് നായര് അവതരിപ്പിച്ച രാമന് തിരുമുല്പ്പാടെന്ന കമ്യൂണിസ്റ്റ് പാര്ട്ടി ഓര്ഗനൈസിംഗ് സെക്രട്ടറി. അതിനെ കുറിച്ച് ചെറിയാന് കല്പ്പകവാടി പറയുന്നതിങ്ങനെയാണ്, ‘പുന്നപ്ര വയലാര് പ്രക്ഷോഭം വേണമെന്ന് ക്ലാസ് എടുക്കുന്നത് ഇ. എം. എസ് ആണ്. ശരിക്കും ആ സമരത്തിന്റെ സൂത്രധാരന് എന്നു വേണമെങ്കില് പറയാം. നേതാക്കളുടെ പ്രധാന ഗ്രൂപ്പിനെ കെട്ടുവെള്ളത്തില് കൊണ്ടുപോയി യോഗം ചേര്ന്നാണ് തീരുമാനങ്ങള് എടുക്കുന്നത്.’
സിനിമയില് രാമന് തിരുമുല്പ്പാട് ഒരു രഹസ്യ യോഗത്തില് തൊഴിലാളികളെ അഭിസംബോധന ചെയ്യുന്ന രംഗമുണ്ട്. “തെളിവില് കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടിയായി പ്രവര്ത്തിക്കുന്ന നമ്മള് ഒളിവില് കമ്യൂണിസ്റ്റ് പാര്ട്ടിയാണെന്ന്” തിരുമുല്പ്പാട് പറയുന്നു. അഖിലേന്ത്യാ കോണ്ഗ്രസില് നിന്നും പി. കൃഷ്ണപ്പിള്ളയും ഇ. എം. എസും എ. കെ. ജിയും കെ. ദാമോദരനും അടക്കമുള്ള നേതാക്കള് വിമത ശബ്ദം ഉയര്ത്തുകയും കോണ്ഗ്രസ് സോഷ്യലിസ്റ്റ് പാര്ട്ടി രൂപീകരിക്കുകയും, പിന്നീട് 1939ല് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ കേരളഘടകം അന്നത്തെ മലബാറിലെ പാറപ്രത്ത് വെച്ചു രൂപീകരിക്കുകയും ചെയ്തത് ചരിത്രം.
പണിമുടക്കുമായി മുന്നോട്ട് പോകാന് തൊഴിലാളി സംഘടനകള് തീരുമാനിക്കുകയും പണിമുടക്കിന്റെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യമായായി “ദിവാന് ഭരണം അവസാനിപ്പിക്കുക”, “അമേരിക്കന് മോഡല് ഭരണഘടന അറബിക്കടലില്” എന്നിവ വന്നതോടെ അമ്പലപ്പുഴചേര്ത്തല താലൂക്കിലെ സ്ഥിതിഗതികള് സംഘര്ഷ ഭരിതമായി. ഈ കാര്യം പാര്ട്ടി ജനറല് സെക്രട്ടറി പി. സി. ജോഷിയെ അറിയിക്കാന് കെ. സി. ജോര്ജ്ജ് ബോംബെയിലേക്ക് പോയപ്പോള് ഇ. എം. എസ് കോഴിക്കോട് നിന്നും ആലപ്പുഴയില് എത്തി. ഈ കാര്യം ‘പുന്നപ്ര വയലാര് നാടിന്റെ ഇതിഹാസം’ എന്ന പുസ്തകത്തില് പി. വി. പങ്കജാക്ഷന് ഇങ്ങനെ എഴുതുന്നു. ‘ഒരു കെട്ടുവെള്ളത്തില് കയറി ആലപ്പുഴയ്ക്ക് കിഴക്ക് വെമ്പനാട്ട് കായലിന്റെ നടുവില് വള്ളത്തിലായിരുന്നു രഹസ്യ കൂടിക്കാഴ്ചയും ചര്ച്ചയും.’
രക്തസാക്ഷികള് സിന്ദാബാദ്
ഭഗത് സിംഗിന്റെ ആരാധകനായ തമിഴ് ബ്രാഹ്മണ സമുദായാംഗമായ ശിവ സുബ്രഹ്മണ്യത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് ‘രക്തസാക്ഷികള് സിന്ദാബാദ്’ ആരംഭിക്കുന്നത്.
മോഹൻലാൽ
മോഹന്ലാലാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മദ്രാസില് സിവില് സര്വീസ് പഠനത്തിന് പോയ ഉറുമീസ് തരകന് എന്ന ക്രിസ്ത്യന് പ്രമാണി കുടുംബാംഗമായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ഇരുവരും കോളേജില് ഒന്നിച്ചു പഠിച്ചവരും സുഹൃത്തുക്കളുമാണ്.
മുരളി
കൂലി കണക്ക് പറഞ്ഞു ചോദിച്ച ശ്രീധരന് (മുരളി) എന്ന മത്സ്യതൊഴിലാളിയെ ഉറുമീസിന്റെ പിതാവ് മാപ്പിളശ്ശേരി വലിയ തരകന്റെ (രാജന് പി. ദേവ്) ഗുണ്ടകള് തെങ്ങില് കെട്ടിയിട്ട് മര്ദിക്കുന്നു. ഇത് തടയാന് ഓടിയെത്തിയ ശിവന് ഗുണ്ടകളെ തുരത്തിയോടിക്കുകയും തരകനോട് നേര്ക്കുനേര് നിന്നു സംസാരിക്കുകയും ചെയ്യുന്നു. തരകന്റെ ഗുണ്ടകള് ശിവനെ തല്ലാന് വേണ്ടി രാത്രിയില് മഠത്തില് എത്തുന്നു. ഉറുമീസ് തരകന് ഇത് തടയുന്നു. തുടര്ന്ന് അപ്പനുമായി വഴക്കിട്ട് ഉറുമീസ് തരകന് വീട് വിട്ടിറങ്ങുന്നു.
സി. പി.
ഗുഡേക്കര് കമ്പനിയിലെ തൊഴിലാളി സമരത്തില് കമ്പനി മേധാവിയായ സായിപ്പുമായി സംസാരിക്കാന് ശിവന്റെ കൂടെ പോകുന്നതോടെ ഉറുമീസ് മുഴുവന് സമയ തൊഴിലാളി പ്രവര്ത്തകനായി മാറുന്നു. അമ്പലപ്പുഴ, ആലപ്പുഴ, ചേര്ത്തല, മുഹമ്മ, കുട്ടനാട് മേഖലയില് തൊഴിലാളി പ്രവര്ത്തനവും കമ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തനവും ശക്തമാകുന്നു. ദിവാന്റെ പോലീസും ജന്മിമാരുടെ ഗുണ്ടകളും തൊഴിലാളികളെ മൃഗീയമായി മര്ദിക്കുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. ശ്രീധരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ക്രൂരനായ പോലീസ് മേധാവി ദണ്ഡപാണിയെ ശിവന് നേരിടുന്നു.
ദിവാന്റെ പട്ടാളത്തോട് ഏറ്റുമുട്ടാന് ഒരു സായുധ വിപ്ലവത്തിന് തൊഴിലാളികള് തയ്യാറെടുക്കുന്നു. ഇതിനിടയില് ശിവന് പൊലീസിന്റെ പിടിയിലാകുന്നു. വാരിക്കുന്തവുമായി പട്ടാളത്തെയും പോലീസിനെയും എതിരിട്ട പുന്നപ്ര വയലാറില് തൊഴിലാളി സഖാക്കള് വെടിയേറ്റ് മരിക്കുമ്പോള് ശിവന് ലോക്കപ്പില് ക്രൂരമായ മര്ദ്ദനത്തിന് വിധേയനാകുന്നു. ജയിലില് നിന്നിറങ്ങിയ ശിവന് കമ്യൂണിസ്റ്റ് പാര്ട്ടിയുടെ സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അത് നിരസിക്കുന്നു. സി. പി. രാമസ്വാമി അയ്യരെ വെട്ടിക്കൊലപ്പെടുത്താന് തീരുമാനിച്ചുകൊണ്ട് തിരുവനന്തപുരത്തേക്ക് തിരിക്കുന്നു.
ഗാനങ്ങള്
“സഖാക്കളെ മുന്നോട്ട്” എന്ന ഗാനമാണ് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘പുന്നപ്ര വയലാറി’നെ അവിസ്മരണീയമാക്കിയത്.
പി ഭാസ്കരൻ
പി. ഭാസ്ക്കരന്റെ ‘വയലാര് ഗര്ജ്ജിക്കുന്നു’ എന്ന കാവ്യത്തില് നിന്നുള്ള ‘ഉയരും ഞാന് നാടാകെ, പടരും ഞാനൊരു പുത്തന്നുയിര് നാടിനേകിക്കൊണ്ട്’ എന്ന കവിതയോടെയാണ് ‘പുന്നപ്ര വയാലാര്’ അവസാനിക്കുന്നത്. ‘രക്തസാക്ഷികള് സിന്ദാബാദി’ന് വേണ്ടിയും ഒരു ഗാനം പി. ഭാസ്ക്കരന് എഴുതിയിട്ടുണ്ട്. ‘കിഴക്ക് പുലരി ചെങ്കൊടി പാറി’ എന്ന ആ ഗാനം ആലപിച്ചത് കെ. ജെ. യേശുദാസും എം. ജി. ശ്രീകുമാറും ചേര്ന്നാണ്. ഓ. എന് വി കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, ഏഴാച്ചേരി രാമചന്ദ്രന് എന്നിവരാണ് മറ്റ് ഗാനങ്ങള് രചിച്ചിരിക്കുന്നത്. എം, ജി രാധാകൃഷ്ണന്റേതാണ് സംഗീതം. ഏഴാച്ചേരി രചിച്ച “ബലികുടീരങ്ങള് തന് ആത്മാവുണര്ത്തുന്ന” എന്ന ടൈറ്റില് ഗാനം മലയാള സിനിമയിലെ വിപ്ലവഗാന സരണിയിലെ മനോഹരമായ ഗാനങ്ങളില് ഒന്നാണ്.
ലാല്സലാമും രക്തസാക്ഷികള് സിന്ദാബാദും
വേണു നാഗവള്ളിയും ചെറിയാന് കല്പ്പകവാടിയും ഒന്നിച്ച രാഷ്ട്രീയ സിനിമയാണ് 1990ല് പുറത്തിറങ്ങിയ ‘ലാല്സലാം’. ടി. വി. തോമസ്, വര്ഗ്ഗീസ് വൈദ്യന്,
കെ. ആര്. ഗൌരിയമ്മ
എന്നിവരുടെ വ്യക്തി ജീവിതവും കുട്ടനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും ഇഴ പിരിഞ്ഞു കിടന്ന ആ സിനിമ ഏറെ വിവാദങ്ങള് ഉയര്ത്തിവിടുകയുണ്ടായി. ‘രക്തസാക്ഷികള് സിന്ദാബാദ്’ അതിന്റെ തുടര്ച്ചയല്ല മറിച്ച് ആദ്യ ഭാഗമാണ് എന്നാണ് ചെറിയാന് കല്പ്പകവാടി പറഞ്ഞത്.
‘ലാല്സലാം തുടങ്ങുന്നത് 1957ലാണ്. കമ്യൂണിസ്റ്റ് പാര്ട്ടി അധികാരത്തില് വന്നതിനു ശേഷമുള്ള കഥയാണ് അത്. കേരളത്തില് പ്രത്യേകിച്ചും കുട്ടനാട്ടില് കമ്യൂണിസ്റ്റ് സ്ഥാനം രൂപികരിക്കപ്പെട്ടതും അന്നത്തെ നേതാക്കളും പ്രവര്ത്തകരും നേരിട്ട വെല്ലുവിളികളും കഷ്ടപ്പാടുകളും വിശദീകരിക്കുന്ന സിനിമ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യം പല കോണുകളില് നിന്നുയര്ന്നു വന്നു. അങ്ങനെയാണ് ഞാനും വേണു നാഗവള്ളിയും കൂടി ‘രക്തസാക്ഷികള് സിന്ദാബാദ്’ എഴുതുന്നത്. യഥാര്ഥത്തില് ഒരാള്ക്ക് കാര്യങ്ങള് മനസിലാവണമെങ്കില് ‘രക്തസാക്ഷികള്’ കണ്ടിട്ടു വേണം ‘ലാല്സലാം’ കാണാന്.’
ദിവാനെ വെട്ടിയ കെ. സി. എസ്. മണി
അമ്പലപ്പുഴക്കാരനും സോഷ്യലിസ്റ്റ് നേതാവ് എന്. ശ്രീകണ്ഠന് നായരുടെ സഹചാരിയും തൊഴിലാളി പ്രവര്ത്തകനുമായ കെ. സി. എസ്. മണി സി. പി. രാമസ്വാമി അയ്യരോട് പ്രതികാരം ചെയ്യണം എന്ന തീരുമാനവുമായി 1947 ജൂലൈ 19നു തിരുവനന്തപുരത്തെത്തി. ജൂലൈ 25നു നടക്കുന്ന സ്വാതിതിരുനാള് സംഗീത അക്കാദമി വാര്ഷികത്തില് ദിവാന് പങ്കെടുക്കുന്നുണ്ട്. അവിടെ വെച്ചു കൃത്യം നടത്താന് മണി തീരുമാനിച്ചു. അതിനു വേണ്ടി ഒരു വാള് മുണ്ടിനടിയില് ധരിച്ചിരുന്ന നിക്കറില് തൂക്കിയിട്ട് സദസില് ഇരിപ്പുറപ്പിച്ചു.
കെ. സി. എസ്. മണി
‘പുന്നപ്രയിലും വയലാറിലും വെടിയേറ്റ് മരിച്ച നൂറുകണക്കിനു തൊഴിലാളികളുടെ രൂപം ഓര്മ്മയില് തെളിഞ്ഞുവന്നു’ എന്നാണ് ദിവാനെ വെട്ടാന് ഒങ്ങിയ ആ നിമിഷത്തെ കുറിച്ച് കെ. സി. എസ് മണി ഓര്മ്മിക്കുന്നത്.
എന്തുകൊണ്ട് ശിവസുബ്രഹ്മണ്യം എന്ന കമ്യൂണിസ്റ്റ് പാര്ട്ടി നേതാവ് ദിവാനെ വെട്ടുന്നതായി അവതരിപ്പിച്ചു എന്ന ചോദ്യത്തിന് ചെറിയാന് കല്പ്പകവാടി ഇങ്ങനെ വിശദീകരിച്ചു,
‘ആത്യന്തികമായി അതൊരു മോഹന്ലാല് സിനിമയാണ്. മറ്റൊരു തരത്തില് ആലോചിക്കുകയാണെങ്കില് ക്ലൈമാക്സില് ദിവാനെ മറ്റൊരാള് വെട്ടിയിട്ട് പോകുന്നതായി കാണിക്കണം. അങ്ങനെ ചെയ്താല് സിനിമ എന്ന നിലയിലുള്ള നായകന്റെ വീരത്വം പോകും. യഥാര്ഥത്തില് സിനിമയില് ആ ഒരു കാലഘട്ടത്തെ ചില കഥാപാത്രങ്ങളിലൂടെ ക്രോഡീകരിക്കുകയാണ് ഞങ്ങള് ചെയ്തത്.’
മോഹന്ലാല്
മോഹന്ലാല്
ഉദയായുടെ പുന്നപ്ര വയലാറും രക്തസാക്ഷികള് സിന്ദാബാദും
1968ലാണ് ഉദയായുടെ ‘പുന്നപ്ര വയലാര്’ പ്രദര്ശനത്തിനെത്തിയത്. കൃത്യം 30 വര്ഷങ്ങള്ക്കിപ്പുറം 1998ല് ‘രക്തസാക്ഷികള് സിന്ദാബാദ്’ തിയറ്ററില് എത്തി. പി. ഭാസ്ക്കരനും, യേശുദാസുമാണ് രണ്ടു സിനിമയുമായി സഹകരിച്ചവര്. ‘പുന്നപ്ര വയലാറി’ന്റെ തിരക്കഥ എഴുതിയത് പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന എസ് എല് പുരം സദാനന്ദനാണ്. പുന്നപ്ര വയലാര് പ്രക്ഷോഭ നേതാക്കളില് ഒരാളായ ടി. കെ. വര്ഗ്ഗീസ് വൈദ്യന്റെ മകനാണ് ‘രക്തസാക്ഷികള് സിന്ദാബാദി’ന്റെ കഥ തിരക്കഥ രചിച്ച ചെറിയാന് കല്പ്പകവാടി.