തിരുവനന്തപുരം
ജിഎസ്ടി സമ്പ്രദായത്തിലെ അശാസ്ത്രീയ നടപടികൾ നീക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നികുതി കുറച്ചിട്ടും ജനങ്ങൾക്ക് പ്രയോജനം കിട്ടുന്നില്ല. കോർപറേറ്റുകളാണ് ലാഭം കൊയ്യുന്നത്. അതിനെ സഹായിക്കുംവിധമുള്ള, സ്വയം പാപ്പരാകുക മാത്രമല്ല, സംസ്ഥാനങ്ങളെക്കൂടി പാപ്പരാക്കുന്ന കേന്ദ്ര നിലപാട് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേന്ദ്രം പൊതുആസ്തികൾ വിറ്റാണ് പണം കണ്ടെത്തുന്നതെന്നും ചരക്കുസേവന, പൊതുവിൽപ്പന നികുതി ബിൽ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
അടയ്ക്ക, പ്ലൈവുഡ് തുടങ്ങി പല മേഖലകളിലും നടക്കുന്ന നികുതിവെട്ടിപ്പ് തടയാൻ ശക്തമായ നടപടി സ്വീകരിക്കും. ഇതിന് പ്രത്യേക സമിതിയെ നിയോഗിച്ചു. കടംവാങ്ങാതെ ഒരു സംസ്ഥാനത്തിനും രാജ്യത്തിനും നിലനിൽക്കാനാകില്ലെന്നും അതെന്തിന് ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം. കേരളത്തിൽ ക്ഷേമ, അടിസ്ഥാന വികസന മേഖലയിൽ വന്ന മാറ്റം ഇതിന് ഉദാഹരണമാണ്. പൊതുകടം കുറഞ്ഞുവന്നത് എൽഡിഎഫ് കാലഘട്ടങ്ങളിലാണ്. കിഫ്ബിയിൽ വികസനം മാത്രമാണ് ലക്ഷ്യം. എന്നാൽ, പ്രവൃത്തികൾക്കുള്ള ചില മാനദണ്ഡങ്ങൾ പാലിക്കാൻ പറ്റുന്നില്ലെന്ന പരാതിയുണ്ട്. ഇക്കാര്യത്തിൽ പ്രായോഗിക സമീപനം സ്വീകരിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.