കൽപ്പറ്റ
എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഫോണുകൾ ഹാജരാക്കാൻ അന്വേഷകസംഘം നോട്ടീസ് അയച്ചു. കേസിനാസ്പദമായ കാലയളവിൽ ഉപയോഗിച്ച രണ്ടു ഫോണുകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ് കുമാറാണ് നോട്ടീസയച്ചത്. ഒരാഴ്ചക്കകം ഹാജരാക്കാനാണ് നിർദേശം. ഉടൻ സുരേന്ദ്രനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കേസിൽ സുരേന്ദ്രന്റെയും മുഖ്യസാക്ഷി ജെആർപി നേതാവ് പ്രസീത അഴീക്കോടിന്റെയും ശബ്ദ സാമ്പിളുകൾ കഴിഞ്ഞ 13ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പരിശോധിച്ചിരുന്നു. ഇത് തിരുവനന്തപുരം ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനക്ക് അയക്കാനുള്ള നടപടിയും പൂർത്തിയാവുകയാണ്. കുരുക്ക് മുറുകുമെന്ന് കണ്ടതോടെ തന്റെ ശബ്ദ സാമ്പിൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചിട്ടുണ്ട്.