തിരുവനന്തപുരം
അടിയന്തര പ്രമേയവും സ്വകാര്യ ബില്ലുകളും മാറ്റിയും ശ്രദ്ധക്ഷണിക്കൽ–- ഉപക്ഷേപ സമയം വെട്ടിക്കുറച്ചും വെള്ളിയാഴ്ച സമ്മേളനം നിയമനിർമാണത്തിനായി മാറ്റി. സംസ്ഥാന ചരക്ക് സേവന, പൊതുവിൽപ്പന, ധനസംബന്ധ ഉത്തരവാദിത്വ ഭേദഗതി ബില്ലുകൾ ഏകകണ്ഠമായി പാസാക്കി. ബില്ലുകൾ ഏറെ ഗൗരവമുള്ളതായിരുന്നെങ്കിലും പ്രതിപക്ഷം വിഷയം മുല്ലപ്പെരിയാർമാത്രമാക്കാൻ ശ്രമിച്ചു. ചർച്ച വഴിമാറുന്നത് ചെയർ ഓർമിപ്പിച്ചു. മുല്ലപ്പെരിയാർ സംബന്ധിച്ച് കെ ബാബുവും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ നിരത്തി നിയമമന്ത്രികൂടിയായ പി രാജീവ് മറുപടി നൽകി. കണക്കെടുത്താൽ കേരളത്തിനെതിരായ കോടതിവിധികൾ മുഴുവൻ യുഡിഎഫ് കാലത്താണെന്ന് മനസ്സിലാകുമെന്ന് രാജീവ് പറഞ്ഞു.
കടമെടുത്താലും ദുരുപയോഗം ചെയ്യാതെ നാടിനെ വികസിപ്പിക്കുന്നതോടൊപ്പം തിരിച്ചടവിനുള്ള മാർഗങ്ങളും കണ്ടെത്തുന്നുണ്ട്. ഇത്രയും ക്ഷേമ, സേവന പ്രവർത്തനം നടത്തുന്ന മറ്റൊരു സർക്കാർ ഇന്ത്യയിലില്ലെന്ന് അംഗങ്ങൾ പറഞ്ഞു. ഭരണപക്ഷത്തുനിന്ന് പി നന്ദകുമാർ, എം രാജഗോപാലൻ, ജി എസ് ജയലാൽ, പ്രതിപക്ഷത്തുനിന്ന് രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ, എൻ ഷംസുദ്ദീൻ, എൻ എ നെല്ലിക്കുന്ന് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.