ന്യൂഡൽഹി
ഒരു വർഷമായി തുടരുന്ന കർഷകപ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടത് 617 പേർക്ക്. കഴിഞ്ഞദിവസം വാഹനമിടിച്ച് കൊല്ലപ്പെട്ട മൂന്ന് വനിതാ പ്രക്ഷോഭകര്‍ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷികൾ. അമർജീത് കൗർ, ഗുൽമേൽ കൗർ, ഹർമീത് കൗർ എന്നിവർ വ്യാഴാഴ്ച പുലർച്ചെയാണ് അപകടത്തിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച.
നവംബർ 26 മുതലാണ് കർഷകർ ഡൽഹി അതിർത്തികളിൽ സമരം തുടങ്ങിയത്. അതിനുമുമ്പ് പഞ്ചാബിലെ പ്രക്ഷോഭത്തില്‍ 2020 ഒക്ടോബറിൽ 12 കർഷകർ മരിച്ചു.മരണകാരങ്ങള്‍ പ്രക്ഷോഭകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കിടയിലെ അപകടം, ഹൃദ്രോഗം, മറ്റുരോഗം, ആത്മഹത്യ എന്നിങ്ങനെ നീണ്ടു.വൃദ്ധകർഷകർ കഴിഞ്ഞ ശൈത്യകാലത്തും പിന്നീട് കൊടുംചൂടിലും സമരകേന്ദ്രങ്ങളിൽ മരിച്ചു. സമരകേന്ദ്രങ്ങളിൽ ആത്മഹത്യാവിരുദ്ധ കൗൺസലിങ് തുടങ്ങി.
ആഗസ്ത് 28ന് കർണാലിലെ ലാത്തിച്ചാർജിൽ കർഷകനായ സുശീൽ കാജൽ കൊല്ലപ്പെട്ടു. ഒക്ടോബർ മൂന്നിന് യുപി ലഖിംപുർ ഖേരിയിൽ കേന്ദ്രമന്ത്രി പുത്രന്റെ വാഹനവ്യൂഹം നാലു കർഷകരെയും മാധ്യമപ്രവർത്തകനെയും ഇടിച്ച് കൊലപ്പെടുത്തി.
ലഖിംപുർ ഖേരി കേസ് ഇഴയുന്നു
ലഖിംപുർ ഖേരി കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് സംയുക്ത കിസാൻമോർച്ച. അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രാഷ്ട്രീയ ഇടപെടൽവഴിയുള്ള സ്ഥലംമാറ്റം അന്വേഷണം വൈകിപ്പിക്കും. സംഭവത്തിന്റെ സൂത്രധാരനായ അജയ് മിശ്ര ഇപ്പോഴും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുന്നു. അറസ്റ്റിലായ ആശിഷ് മിശ്ര ആശുപത്രിയിൽ വിഐപി പരിചരണത്തിൽ. കേസിന്റെ അന്വേഷണ മേൽനോട്ടം സുപ്രീംകോടതി നേരിട്ട് നിർവഹിക്കണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു.