കോഴിക്കോട്
ഐ വി ദാസ് സാംസ്കാരിക കേന്ദ്രവും കോഴിക്കോട് സത്ഗമയയും ഏർപ്പെടുത്തിയ മൂന്നാമത് ഐ വി ദാസ് പുരസ്കാരം എഴുത്തുകാരൻ എം മുകുന്ദനും ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോയ്ക്കും. പതിനായിരം രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം നവംബറിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എംപി സമ്മാനിക്കും.
പുരുഷൻ കടലുണ്ടി, ബാബു പറശ്ശേരി, എ സജീവൻ, കാനേഷ് പൂനൂർ, കെ പി സുധീര എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സാഹിത്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് മയ്യഴിയുടെ കഥാകാരനായ എം മുകുന്ദന് പുരസ്കാരം.
25 വർഷമായി പത്രപ്രവർത്തന രംഗത്തുള്ള പി വി ജീജോക്ക് ഈ രംഗത്തെ മികവ് പരിഗണിച്ചാണ് അവാർഡ്. സാംസ്കാരിക റിപ്പോർട്ടിങ്ങിനുള്ള സുരാസു സ്മാരക പുരസ്കാരവും കേരള മീഡിയ അക്കാദമി ഫെല്ലൊഷിപ്പും നേടിയിട്ടുണ്ട്. കണ്ണൂർ കയരളം സ്വദേശിയാണ്. കലിക്കറ്റ് സർവകലാശാലക്കടുത്ത് മോസ്കോപ്പാറ ഗയയിലെ അനുപമ ഇ പ (ജിവിഎച്ച്എസ്എസ് കൊണ്ടോട്ടി) യാണ് ഭാര്യ. മകൻ: അയാൻ സൗഗത്.
വാർത്താസമ്മേളനത്തിൽ എ സജീവൻ, കാനേഷ് പൂനൂർ, കെ പി സുധീര, സത്ഗമയ സെക്രട്ടറി കെ രമേഷ്ബാബു, കെ ആർ ഷാജി, ജയദീപ് വിജയൻ എന്നിവർ പങ്കെടുത്തു.