കണ്ണൂർ
കാടുവെട്ടുമ്പോൾ കിട്ടിയത് അഞ്ച് മുട്ടകൾ. 25 ദിവസം അടയിരുന്നത് അങ്കക്കാരൻ വിഭാഗത്തിൽപ്പെട്ട ‘അസീൽ’ ഇനം പിടക്കോഴി. മുട്ടവിരിഞ്ഞ് പുറഞ്ഞെത്തിയ അഞ്ചുമയിൽക്കുഞ്ഞുങ്ങളും തള്ളക്കോഴിക്കൊപ്പം സുഖമായിരിക്കുന്നു. മയിൽക്കുഞ്ഞുങ്ങൾക്ക് സുരക്ഷയൊരുക്കി കോഴി മുഴുവൻ സമയവും കൂടെയുണ്ട്.
ചട്ടുകപ്പാറയിൽ വീടിനോട് ചേർന്ന പറമ്പിലെ കാട് വെട്ടുമ്പോഴാണ് മയിൽ മുട്ടകൾ കിട്ടിയത്. മലബാർ അവയർനെസ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്ലൈഫ് (മാർക്) പ്രസിഡന്റ് റിയാസ് മാങ്ങാടിനെ വിവരം അറിയിച്ചു. ഇൻക്യുബേറ്ററാണ് അന്വേഷിച്ചതെങ്കിലും കിട്ടിയില്ല.
ഇതോടെയാണ് കോഴിയെ കൊണ്ട് അടയിരുത്തിയത്. പാപ്പിനിശേരിയിലെ കോഴിഫാം ഉടമ അലിയെ ഇതിനായി സമീപിച്ചു. അലിയാണ് അസീൽ എന്ന അസീൽ ഇനത്തിൽപ്പെട്ട അങ്കക്കാരൻ പോരുകോഴിയെ ഇതിനായി നിർദേശിച്ചത്. നിറയെ തൂവലുള്ളതിനാലാണ് ഇവയെ തെരഞ്ഞെടുത്ത്. 25 ദിവസം അടയിരുന്നാണ് അഞ്ച് മയിൽക്കുഞ്ഞുങ്ങളെ വിരിയിച്ചത്. മുട്ട വിരിഞ്ഞ് 15 ദിവസം കഴിഞ്ഞു. സ്വന്തമായി ഇരതേടാനായാൽ വനം വകുപ്പിന്റെ നിർദേശപ്രകാരം കാട്ടിലേക്ക് തന്നെ മയിൽക്കുഞ്ഞുങ്ങളെ വിടുമെന്നും റിയാസ് പറഞ്ഞു.