ന്യൂഡൽഹി
ഹരിയാനയിലെ ഗുഡ്ഗാവിൽ നിസ്കാരം തടയാൻ വീണ്ടും സംഘപരിവാർ ശ്രമം. വെള്ളിയാഴ്ച നിസ്കാരം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഗുഡ്ഗാവ് 12–-എ സെക്ടറിലാണ് ആർഎസ്എസ്–- ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. ഗുഡ്ഗാവിൽ വെള്ളിയാഴ്ച പ്രാർഥന തടയാന്‍ മൂന്നാഴ്ചയായി സംഘപരിവാർ ശ്രമിക്കുന്നു. 2018ലും സമാനമായി പ്രശ്നങ്ങളുണ്ടാക്കി. തുടർന്ന് അധികൃതർ സംഘപരിവാർ നേതാക്കളുമായി ചർച്ച നടത്തി. 37 ഇടത്ത് നിസ്കാരം അനുവദിക്കാൻ ധാരണയായി. ഈ സ്ഥലങ്ങളിലും നിസ്കാരം അനുവദിക്കില്ലെന്നാണ് ഇപ്പോൾ സംഘപരിവാർ നിലപാട്.
‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സംഘപരിവാർ പ്രവർത്തകർ സെക്ടർ 12–-എ യിലേക്ക് എത്തിയത്.
ഗുജറാത്തിൽ ക്ഷേത്രത്തിൽ കയറിയ ദളിത് കുടുംബത്തെ ആക്രമിച്ചു
ഗുജറാത്തിൽ കച്ച് ജില്ലയിലെ ഗാന്ധിധാമിൽ ക്ഷേത്രത്തിൽ കയറിയ ദളിത് കുടുംബത്തിനുനേരെ ആക്രമണം. ഗോവിന്ദ് വഗേല എന്നയാളും കുടുംബവും 20നാണ് നേർ ഗ്രാമത്തിലെ രാമക്ഷേത്രം സന്ദർശിച്ചത്. ആറ് ദിവസത്തിനുശേഷം വഗേലയുടെ കൃഷിയിടത്തിലേക്ക് എതാനുംപേർ കന്നുകാലികളെ അഴിച്ചുവിടുകയും അവിടെയെത്തിയ കുടുംബാംഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ കയറിയ കാര്യം പറഞ്ഞാണ് ഇരുപതോളം പേർ ചേർന്ന് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മർദിച്ചതെന്ന് വഗേല പരാതിയിൽ പറയുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നും ഓട്ടോറിക്ഷ തകർത്തുവെന്നും പരാതിയിലുണ്ട്. 20 പേർക്കെതിരെ കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.