കൊച്ചി
ഒരുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ഉള്ളിക്കൃഷി പണിക്ക് ദക്ഷിണ കൊറിയയിലേക്ക് കടക്കാൻ ഊഴം കാത്ത് ബിടെക്കുകാരും എംബിഎക്കാരും ഉൾപ്പെടെ ആയിരങ്ങൾ. സംസ്ഥാന സർക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജൻസി ‘ഒഡെപെക്’ മുഖേനയാണ് അപേക്ഷ ക്ഷണിച്ചത്. നാലായിരത്തിലധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അപേക്ഷകരുടെ ബാഹുല്യം മൂലം വെബ്സൈറ്റ് വരെ അവതാളത്തിലായി. ബുധനാഴ്ചയായിരുന്നു അപേക്ഷിക്കേണ്ട അവസാന തീയതി. പത്താംക്ലാസാണ് കുറഞ്ഞ യോഗ്യത. ഒഡെപെക് വെബ്സൈറ്റിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്നവർക്കാണ് മുൻഗണന. എറണാകുളം ടൗൺഹാളിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തത് 520 പേർ. തിരുവനന്തപുരത്തും സെമിനാർ നടത്തിയിരുന്നു.
കൊറിയയിലെ ജീവിതരീതി, കാലാവസ്ഥ, കറൻസി തുടങ്ങിയവയെല്ലാം സെമിനാറിൽ വിശദീകരിച്ചു. ഓവർടൈം ജോലി ചെയ്താൽ കൂടുതൽ പണം കിട്ടുമോയെന്നും അവിടത്തെ ജീവിതച്ചെലവുകളെക്കുറിച്ചും ചോദ്യങ്ങളുയർന്നു. സ്വയം പാചകം ചെയ്താൽ 4000 രൂപയും പുറത്തുനിന്ന് ഭക്ഷണം കഴിച്ചാൽ 15,000 രൂപവരെയും മാസം ചെലവാകുമെന്നുമായിരുന്നു ഉത്തരം.
നിയമനത്തിന്റെ 60 ശതമാനം സ്ത്രീകൾക്കായി നീക്കിവച്ചിരുന്നു. നാൽപ്പത്തഞ്ചാണ് പ്രായപരിധി. എന്നാൽ, നൂറിൽ താഴെ സ്ത്രീകൾ മാത്രമാണ് രണ്ട് ബാച്ചായി നടന്ന സെമിനാറിൽ എത്തിയത്. സ്ത്രീ അപേക്ഷകർ കുറവാണെങ്കിൽ പുരുഷന്മാർക്ക് നറുക്ക് വീഴും. രണ്ട് ഷിഫ്റ്റായാണ് ഡ്യൂട്ടി.
ദക്ഷിണ കൊറിയൻ സർക്കാരിനുവേണ്ടി സ്വകാര്യ ഏജൻസിയാണ് റിക്രൂട്ട്മെന്റ് നടത്തുക. നൂറുപേരടങ്ങുന്ന മലയാളിസംഘം ഡിസംബർ ആദ്യം ദക്ഷിണ കൊറിയയിലേക്ക് പോകുമെന്ന് ഒഡെപെക് എംഡി കെ എ അനൂപ് പറഞ്ഞു. .