പിണറായി
കേന്ദ്രത്തിന്റെ നേരവകാശികളെന്നു പറയുന്നവർ വികസനത്തിന് തുരങ്കം വയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കുചിത രാഷട്രീയമാണ് ഇതിനുപിന്നിൽ. കേന്ദ്രസഹായം തടയാനാണ് ശ്രമിക്കുന്നത്. പുതിയ പദ്ധതി വരരുതെന്നാണ് ഇവരുടെ നിലപാട്. ഇത് തിരിച്ചറിയണം. കാലോചിതമായ വികസനം വന്നേ മതിയാകൂ. കണ്ണൂർ മണക്കായി പാലത്തിന്റെ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷം വൻനേട്ടമുണ്ടായി. നല്ല സഹകരണമാണ് ജനം നൽകിയത്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ വലിയ പങ്ക് കിഫ്ബിയാണ് വഹിക്കുന്നത്. ഇതോടൊപ്പം ബജറ്റ് മുഖേനയുള്ള വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെ പുതിയ കേരളം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. നിഷേധനിലപാട് ആര് സ്വീകരിച്ചാലും സർക്കാർ വികസനവുമായി മുന്നോട്ടുപോകും. കേരളം അഭിവൃദ്ധിപ്പെടരുതെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. ചില കാര്യങ്ങൾ സംസ്ഥാന സർക്കാരിനുമാത്രം ചെയ്യാൻ കഴിയില്ല. കേന്ദ്രസഹായവും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.