ആലപ്പുഴ
കോവിഡ് വാക്സിൻ മൂന്നു ഡോസ് വേണ്ടെന്നും രണ്ടു ഡോസ് പര്യാപ്തമാണെന്നും ഐഎംഎ ഗവേഷണ സെൽ. മൂന്നാം ഡോസ് രോഗപ്രതിരോധത്തിൽ വർധനയുണ്ടാക്കുന്നില്ലെന്നാണ് പഠനങ്ങളെന്ന് ഗവേഷണസെൽ വൈസ് ചെയർമാൻ ഡോ രാജീവ് ജയദേവൻ ഐഎംഎ മുഖപത്രമായ ‘നമ്മുടെ ആരോഗ്യ’ത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. അർബുദം, വൃക്കരോഗം മുതലായവയുള്ളവരിൽ രണ്ടു ഡോസ് കൊടുത്തിട്ടും പ്രതിരോധം കുറവായാൽ മൂന്നു ഡോസ് എടുക്കാം എന്ന് പൊതുവേ അംഗീകരിച്ചിട്ടിട്ടുണ്ട്.
ആദ്യഡോസിൽ നമ്മുടെ ശരീരത്തിൽ നിരവധി ശ്രേണികളിൽ രോഗപ്രതിരോധ സംവിധാനം ഉണർന്നു പ്രവർത്തിക്കുന്നു. പ്രതിദ്രവ്യം ഇതിൽ ഒന്നുമാത്രം. അതോടൊപ്പം ഉൽപ്പാദിപ്പിക്കപ്പെടുന്ന മെമ്മറി കോശങ്ങൾ വർഷങ്ങളോളം ശരീരത്തിൽ നിലനിൽക്കും. രണ്ടാമത്തെ ഡോസിൽ മെമ്മറി കോശങ്ങൾ ഉടൻ ഉണർന്നു പ്രവർത്തിക്കും. പ്രതിദ്രവ്യം ഞൊടിയിടയിൽ ഉൽപ്പാദിപ്പിക്കുന്ന പ്ലാസ്മ ബ്ലാസ്റ്റുകൾ ഉണ്ടാക്കും. വൈറസ് ‘വേഷംമാറി’ വന്നാൽ പോലും ശരീരത്തെ മെമ്മറി കോശത്തിന് സംരക്ഷിക്കാൻ കഴിയും. അതുകൊണ്ടാണ് ഗുരുതരരോഗം, മരണം എന്നിവ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രാപ്തി കാണിക്കുന്നത്.
നിരവധി ജനിതകമാറ്റങ്ങളോടെ ഡെൽറ്റാ വകഭേദങ്ങൾ വന്നിട്ടും പ്രതിസന്ധി രൂക്ഷമാകാതിരുന്നത് ഇക്കാരണത്താലാണ്. ഒരുതവണ രോഗം വന്നവർക്ക് ഒരുഡോസ് വാക്സിൻ കൊണ്ടുതന്നെ രോഗപ്രതിരോധം കിട്ടും. മൂന്നാം ഡോസ് കൊടുക്കുമ്പോൾ മെമ്മറി കോശങ്ങളിലോ മറ്റു പ്രധാന ശ്രേണികളിലോ കാര്യമായ വർധന ഉണ്ടാകുന്നില്ല. താൽക്കാലികമായി പ്രതിദ്രവ്യം ഉൽപ്പാദനം കൂടും. രോഗമില്ലാത്ത അവസ്ഥയിൽ അവ മാസങ്ങൾക്കുള്ളിൽ താനേ കുറയും.
യുഎസിൽ നാലാംതരംഗം; കാരണം വാക്സിൻ വിമുഖത
അമേരിക്കയിലെ തീവ്രമായ നാലാംതരംഗത്തിൽ ഭൂരിപക്ഷം രോഗവും മരണവും ഒരു ഡോസ് വാക്സിൻ പോലും എടുക്കാൻ വിസമ്മതിച്ചതിനാൽ. മുപ്പതു ശതമാനം പേരും വാക്സിൻ വേണ്ടെന്ന് തറപ്പിച്ചു പറയുകയാണ്. മറിച്ച് ബൂസ്റ്റർ ഡോസില്ലാത്തതിനാൽ എന്ന പ്രചാരണം തെറ്റാണ്.