ദുബായ്
വീറോടെ പൊരുതിയ അഫ്ഗാനിസ്ഥാനെ കീഴടക്കി പാകിസ്ഥാൻ ട്വന്റി–-20 ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനലിനടുത്തെത്തി. അഞ്ച് വിക്കറ്റിനാണ് ജയം. തുടർച്ചയായ മൂന്ന് ജയത്തോടെ പാകിസ്ഥാൻ രണ്ടാം ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഒന്നാമതാണ്.
സ്കോർ: അഫ്ഗാനിസ്ഥാൻ 6–-147, പാകിസ്ഥാൻ 5–-148 (19)
അവസാന രണ്ട് ഓവറിൽ പാകിസ്ഥാന് ജയിക്കാൻ 24 റൺ വേണ്ടിയിരുന്നു. അഫ്ഗാൻ ബൗളർ കരീം ജാനത്തിന്റെ 19–-ാംഓവറിൽ നാല് സിക്സർ അടിച്ച് ആസിഫ് അലി വിജയമൊരുക്കി. കളിയിലെ താരമായ ആസിഫ് അലി ഏഴ് പന്തിൽ 25 റണ്ണുമായി പുറത്താകാതെനിന്നു. ക്യാപ്റ്റൻ ബാബർ അസം 47 പന്തിൽ 51 റണ്ണടിച്ചു. ഫഖർ സമാൻ 30 റണ്ണുമായി പിന്തുണ നൽകി. ഷൊയ്ബ് മാലിക് 19 റണ്ണെടുത്തു.
നാല് ഓവറിൽ 26 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്ത സ്പിന്നർ റഷീദ്ഖാൻ ട്വന്റി–-20യിൽ 100 വിക്കറ്റ് തികച്ചു. 53 കളിയിലാണ് വേഗമേറിയ ഈ നേട്ടം. 101 വിക്കറ്റുള്ള റഷീദ്ഖാനുമുന്നിൽ ബംഗ്ലാദേശിന്റെ ഷാകിബ് അൽ ഹസ്സനും (117) ലങ്കയുടെ ലസിത് മലിംഗയും (107) മാത്രമാണുള്ളത്.
പാകിസ്ഥാൻ പേസർമാരെ ധീരമായി നേരിട്ടാണ് അഫ്ഗാൻ പൊരുതാനുള്ള സ്കോർ കെട്ടിപ്പടുത്തത്. ക്യാപ്റ്റൻ മുഹമ്മദ് നബിയും (32 പന്തിൽ 35) ഗുൽബദിൻ നൽബും (25 പന്തിൽ 35) സ്കോർ 100 കടത്തി. ഈ കൂട്ടുകെട്ട് പുറത്താകാതെ 71 റൺ നേടി.
ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാന്റെ തുടക്കം ദയനീയമായിരുന്നു. 5.1 ഓവറിൽ 39 റണ്ണെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണു. ആറ് വിക്കറ്റ് നഷ്ടത്തിൽ 76 റണ്ണെന്ന സ്കോറിലാണ് ക്യാപ്റ്റനും ഗുൽബദിനും ഒന്നിച്ചത്. ഷഹീൻ അഫ്രീദിയെയും ഹസൻ അലിയെയും ഇരുവരും ചേർന്ന് മെരുക്കി.
ഹസൻ അലിയുടെ 18–-ാംഓവറിൽ 21 റണ്ണാണ് അടിച്ചുകൂട്ടിയത്. ഇമാദ് വസീം നാല് ഓവറിൽ 25 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.