റോം
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. വെള്ളിയാഴ്ച ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഇറ്റാലിയൻ ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡറും സ്വീകരിച്ചു. പ്രധാനമന്ത്രി 31 വരെ ഇറ്റലിയിൽ തുടരും.
ശനി ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഒന്നോടെ പ്രധാനമന്ത്രി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനെയും കാണും. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് സൂചനയുണ്ട്. ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഊർസുല വൊൻ ഡെർ ലെയ്ൻ എന്നിവരുമായി സാമ്പത്തിക, ആരോഗ്യ വിഷയങ്ങളടക്കം ചർച്ച ചെയ്തു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. നവംബർ 1, 2 തീയതികളില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഗ്ലാസ്ഗോയിലേക്ക് പോകും.