ഇടുക്കി
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നാൽ വൻ നാശമുണ്ടാകുമെന്നും പെരിയാർ തീരവാസികളുടെ നെഞ്ചിടിപ്പ് കൂടുമെന്നും പ്രചരിപ്പിച്ചവർക്ക് നിരാശ. ചില മാധ്യമങ്ങൾ ഉൾപ്പെടെ അനാവശ്യ ഭീതി പരത്തി. പഴുതടച്ച സുരക്ഷാക്രമീകരണം നാടിന് മാതൃകയുമായി. ശത്രുതാ മനോഭാവം വെടിഞ്ഞ് തമിഴ്നാടുമായി പൂർണ സഹകരണം ഉണ്ടായെന്നതും ശ്രദ്ധേയം. മുൻ നിശ്ചയപ്രകാരം റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് നിയന്ത്രിക്കുമെന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയിലെ ധാരണ.
കേന്ദ്ര ജലകമീഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 138 അടി എത്തിയാൽ തുറന്നുവിടാം. ജലനിരപ്പ് 138 പിന്നിട്ടപ്പോൾതന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും മുല്ലപ്പെരിയാറിലും വെള്ളം ഒഴുകുന്ന മേഖലകളിലും ക്യാമ്പ് ചെയ്ത് മേൽനോട്ടം വഹിച്ചു.
എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു. വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തുറന്നുവിടുന്ന വെള്ളം സുഗമമായി ഒഴുകാൻ വള്ളക്കടവ് മുതൽ ഉപ്പുതറ വരെ 33 കിലോമീറ്ററിൽ തടസ്സങ്ങൾ നീക്കി. പൊലീസ് നിരീക്ഷണത്തിനു പുറമെ വനംവകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും പ്രവർത്തിച്ചു. വെള്ളം പോകുന്ന ഏഴ് വില്ലേജിലെ 21 ക്യാമ്പുകളിലായി 1026 പേരെ മാറ്റിപ്പാർപ്പിച്ചു. എന്നാൽ, ഇത് മനസ്സിലാക്കാതെ ചിലർ സമൂഹമാധ്യമങ്ങൾ വഴി ആശങ്ക പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
റൂൾ കർവ്
നിശ്ചിത ദിവസം അണക്കെട്ടിൽ നിലനിർത്തേണ്ട ജലത്തിന്റെ അളവ് സംബന്ധിച്ച മാർഗനിർദേശമാണ് റൂൾ കർവ്. 10 ദിവസം കൂടുമ്പോൾ ഇത് പുതുക്കും. കേന്ദ്ര ജലകമീഷൻ ഇത് അംഗീകരിക്കണം. മുല്ലപ്പെരിയാറിൽ നിലവിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവാണ് കമീഷൻ അംഗീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്.
പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ: മന്ത്രിമാർ
പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നീങ്ങിയെന്നും മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്നും മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും പറഞ്ഞു. വെള്ളി രാവിലെ അണക്കെട്ട് സന്ദർശിച്ചശേഷം തേക്കടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇവർ. തീരുമാനിച്ച പ്രകാരം വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടു. നദിയിൽ നേരിയ വർധന മാത്രമാണ് ഉണ്ടായത്. എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. വെള്ളം ഉയരുന്ന സാഹചര്യമുണ്ടായാൽ മറ്റ് അണക്കെട്ടുകളും തുറക്കേണ്ടിവരും.
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ എത്തിയാലും ജലനിരപ്പിൽ വലിയ വർധന ഉണ്ടാകില്ല. നിലവിൽ 334 കുടുംബങ്ങളിലെ 1026 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മുല്ലപ്പെരിയാറിലെ വെള്ളം ഒഴുകിവരുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രിമാർ പറഞ്ഞു. തുടർന്ന് ഇരുവരും വള്ളക്കടവ്, വണ്ടിപ്പെരിയാർ തുടങ്ങിയ കേന്ദ്രങ്ങളും സന്ദർശിച്ചു.
വെള്ളം ഇടുക്കിയില് എത്താൻ
10 മണിക്കൂർ
മുല്ലപ്പെരിയാറിലെ വെള്ളം 38 കിലോമീറ്റർ ഒഴുകി ഇടുക്കിയിലെത്താൻ 10 മണിക്കൂറെടുത്തു. വെള്ളി രാവിലെ 7.29നാണ് അണക്കെട്ട് തുറന്നത്. ആദ്യ ജനവാസ മേഖലയായ വള്ളക്കടവ് പിന്നിട്ടപ്പോൾ സമയം 9.30. ഒരടിയിൽ താഴെയായിരുന്നു ജലനിരപ്പ്. പകൽ രണ്ടോടെ വണ്ടിപ്പെരിയാറിൽ എത്തി. വൈകിട്ടോടെയാണ് ഇടുക്കി അണക്കെട്ടിന്റെ റിസർവോയറിലേക്ക് വെള്ളം എത്തിയത്.
മഴ കുറവായതും ചെറിയ അളവിൽ വെള്ളം തുറന്നുവിട്ടതുമാണ് ഒഴുക്ക് കുറച്ചത്. 2018ൽ തുറന്നപ്പോൾ ഒരു മണിക്കൂറിനുള്ളിലാണ് വെള്ളം വണ്ടിപ്പെരിയാറിലെത്തിയത്. ഇത് പ്രതീക്ഷിച്ച് വാർത്താസംഘം രാവിലെ മുതൽ ഇവിടെ തമ്പടിച്ചിരുന്നു.
നീക്കങ്ങളോട് സഹകരിച്ച്
തമിഴ്നാട്
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നീക്കങ്ങളോട് തമിഴ്നാടിന്റേത് സൗഹാർദ സമീപനം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന നിഷേധസമീപനമാണ് ഭരണമാറ്റത്തോടെ മാറിയത്.
കേരളത്തിന്റെ പ്രശ്നങ്ങൾ കേൾക്കാൻ സ്റ്റാലിൻ സർക്കാർ തയ്യാറാകുന്നുണ്ട്. വെള്ളം തുറന്നുവിടുന്നതടക്കമുള്ള വിവരം അപ്പപ്പോൾ തമിഴ്നാട് കേരളത്തെ ധരിപ്പിക്കുന്നുണ്ട്. സ്പിൽവേ തുറക്കാൻ അൽപ്പം വൈകിയ കാര്യംപോലും അറിയിച്ചു. എന്നാൽ, മുമ്പ് ഇതായിരുന്നില്ല സ്ഥിതി.