തൃശ്ശൂർ: യു.എ.പി.എക്കെതിരേ നിലകൊള്ളുന്ന സംസ്ഥാന സർക്കാർ തങ്ങൾക്കെതിരേ യുഎപിഎ ചുമത്തിയതിന് കിട്ടിയ തിരിച്ചടിയാണ് സുപ്രീംകോടതിയിൽ നിന്ന് ലഭിച്ച ജാമ്യമെന്ന് താഹ ഫസൽ. പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താഹ.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് താഹ വിയ്യൂർ ജയിലിൽനിന്ന് മോചിതനായത്.
കൂടെ നിന്ന അഭിഭാഷകർ ഉൾപ്പെടെയുള്ളവർക്ക് നന്ദിയുണ്ട്. നാട്ടിലെ സിപിഎംകാരായ ചില സുഹൃത്തുക്കൾ സഹായിച്ചെങ്കിലും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും താഹ പറഞ്ഞു. രാജ്യത്ത് യു.എ.പി.എ പോലുള്ള കിരാത നിയമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തകർക്ക് വേണ്ടികൂടി സമൂഹം ജാഗ്രത പാലിക്കണമെന്നും താഹ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ചയാണ് താഹയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് താഹ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ അലൻ ഷുഹൈബിന് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ഈ ജാമ്യം വ്യാഴാഴ്ച സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്.
content highlights:my bail is setback for state government says taha fazal