തിരുവനന്തപുരം
കനത്ത മഴയെത്തുടർന്ന് വിവിധ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതിലൂടെ കെഎസ്ഇബിക്ക് 45 കോടി രൂപയുടെ നഷ്ടം ഉണ്ടായെങ്കിലും ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കുമാണ് സർക്കാർ പ്രാധാന്യം കൽപ്പിക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
മുല്ലപ്പെരിയാർ തുറക്കുന്നത് പ്രശ്നം ഉണ്ടാക്കില്ല. ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുകിവന്നാലും പ്രശ്നം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അണക്കെട്ട് തുറന്നാൽ എത്രത്തോളം വെള്ളം പുഴയിലെത്തുമെന്ന് കണ്ടെത്താനാകും. അണക്കെട്ടുകളിലെ എക്കലും ചെളിയും നീക്കം ചെയ്യാൻ വകുപ്പുകളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
20.74 കോടി രൂപയുടെ വൈദ്യുതി മോഷണം
സംസ്ഥാനത്ത് 2016 മുതൽ 2021 ഒക്ടോബർ 18 വരെ 20.74 കോടി രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. വിവിധ ജില്ലകളിലെ 34 കേസിലാണിത്. മലപ്പുറത്താണ് കൂടുതൽ കേസ്. 15 കേസിലായി 5.32 കോടി രൂപയുടെ വൈദ്യുതി മോഷണം പിടികൂടി.