തിരുവനന്തപുരം
കേന്ദ്രസർക്കാർ ‘ബ്ലൂ ഇക്കണോമി നയം’ നടപ്പാക്കിയാൽ ലക്ഷക്കണക്കിനു തീരവാസികൾക്ക് കടൽ അന്യമാകുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കരട് നയത്തിൽ സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു. ദോഷമായ വ്യവസ്ഥ നീക്കുന്നതടക്കം സംസ്ഥാനത്തിന്റെ നിർദേശം അംഗീകരിച്ചേ നയം നടപ്പാക്കാവൂ. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളറിയാനും പ്രശ്നം പഠിക്കാനും പാർലമെന്ററി സമിതിയെ നിയോഗിക്കാൻ ആവശ്യപ്പെടും.
കരട് നയം സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുന്നതാണ്. പരമ്പരാഗത മീൻമേഖലയെയാണ് ഗുരുതരമായി ബാധിക്കുക.
മീൻപിടിത്തവും മീൻകൃഷിയും ബഹുരാഷ്ട്ര കുത്തകകൾക്ക് തുറന്നുകൊടുക്കുന്നു. ഖനനംമൂലമുള്ള മലിനീകരണം കടൽഭക്ഷ്യവസ്തുക്കളെ വിഷലിപ്തമാക്കും.
സമുദ്ര മീൻപിടിത്ത ബിൽ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിർദേശവും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, വികസനപരിപാലന പദ്ധതി ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാനത്തിന് നൽകണമെന്നതുൾപ്പെടെ ഒട്ടേറെ ആവശ്യം ബാക്കിയാണെന്നും മന്ത്രി പറഞ്ഞു. പി പി ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.