തിരുവനന്തപുരം
നിയമസഭയിൽ മാസ്ക് വലിച്ചെറിഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാല നിയമ ഭേദഗതി ബിൽ പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു സതീശന്റെ മാസ്ക് വലിച്ചെറിയൽ.
ബില്ലിന്മേൽ ഭേദഗതി സമർപ്പിക്കാൻ സമയം നീട്ടിനൽകിയെങ്കിലും ഇതിനുശേഷം പ്രതിപക്ഷം കൊടുത്ത ഭേദഗതി പരിഗണിക്കണമെന്നായിരുന്നു വാദം. ഇതിനിടയിൽ ഒരു ഭാഗം ഊരിക്കിടന്ന മാസ്ക് നേരെ വയ്ക്കാൻ അംഗങ്ങൾ വിളിച്ചു പറഞ്ഞു. അപ്പോഴാണ് സഭയുടെ മേശപ്പുറത്ത് മാസ്ക് വലിച്ചെറിഞ്ഞത്. ‘ഞാൻ മാസ്ക് മാറ്റിയാണ് സംസാരിക്കുന്നത്, ചുമ്മാതിരി, പരിഹസിക്കല്ലേ’–- എന്നും സതീശൻ പറഞ്ഞു. എന്നാൽ, മാസ്ക് നീക്കിയത് നിർഭാഗ്യമാണെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ഭരണപക്ഷത്തോടുള്ള വിരോധംമൂലം മാസ്ക് ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.