മനാമ > ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച കോവാക്സിന് ഒമാന് ആരോഗ്യ മന്ത്രാലം അംഗീകാരം നല്കി. കോവാക്സിന് രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്ത്തീകരിച്ചവര്ക്ക് ഒമാനില് പ്രവേശനം അനുവദിക്കുമെന്ന് സിവില് ഏവിയേഷന് വിഭാഗം അറിയിച്ചു. ഇവര്ക്ക് രാജ്യത്ത് എത്തിയാല് ക്വാറന്റയ്ന് ഉണ്ടാകില്ല.
വാക്സിന് സ്വീകരിച്ചവര് യാത്രക്ക് മുന്പുള്ള ആര്ടിപിസിആര് പരിശോധന ഉള്പ്പെടെ എല്ലാ വ്യവസ്ഥകളും ബാധകമായിരിക്കും.
കോവാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ആദ്യമയാണ് ഒരു ഗള്ഫ് രാജ്യം കോവാക്സിന് അംഗീകരിക്കുന്നത്. അംഗീകൃത കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എന്ന നിലയില് കോവാക്സിന് സ്വീകരിക്കുന്നത് വാക്സിന് നല്കിയ ഇന്ത്യക്കാര്ക്കും മറ്റ് പൗരന്മാര്ക്കും ഒമാനിലേക്കുള്ള യാത്ര സുഗമമാക്കും. കോവിഷീല്ഡ് കുത്തിവച്ച യാത്രക്കാര്ക്ക് ക്വാറന്റൈന് കൂടാതെ ഒമാനിലേക്ക് വരാന് ഇതിനകം അനുമതിയുണ്ട്.
കോവാക്സിന് അംഗീകാരം നല്കിയ ഒമാന് അധികൃതര്ക്ക് ഇന്ത്യന് എംബസി നന്ദി രേഖപ്പെടുത്തി. വാക്സിനുകള് എടുത്ത എല്ലാ യാത്രക്കാര്ക്കും ഇന്ത്യയില് നിന്ന് ഒമാനിലേക്ക് വരാമെന്ന് എംബസി പത്രകുറിപ്പില് അറിയിച്ചു.
ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്), നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്ഐവി) എന്നിവയുടെ സഹകരണത്തോടെ നിര്മ്മിച്ച തദ്ദേശീയ വാക്സിനാണ് തങ്ങളുടേതെന്ന് കോവാക്സിന് നിര്മ്മാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെടുന്നു.
കോവാക്സിന് അംഗീകാരമായതോടെ ഒമാനിലെ അംഗീകൃത കോവിഡ് വാക്സിനേഷനുകള് ഒന്പതായി. ഫൈസര്/ബയോഎന്ടെക്, ആസ്ട്രസെനെക്ക വാക്സിന്, കോവിഷീല്ഡ്, മോഡേണ, സ്പുട്നിക്, സിനോവാക്, സിനോഫാം, ഒറ്റ ഷോട്ടായ ജാന്സെന് വാക്സിന് എന്നിവയാണ് നേരത്തെ അനുമതിയുള്ള വാക്സിനുകള്.