ആലപ്പുഴ
അടങ്ങാത്ത സ്വാതന്ത്ര്യദാഹവും ഒടുങ്ങാത്ത വിപ്ലവവീര്യവുമായി സർ സിപിയുടെ പട്ടാളത്തോട് ഏറ്റുമുട്ടി നാടിന്റെ വിമോചനപോരാട്ടത്തെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച വയലാർ രക്തസാക്ഷികൾക്ക് നാടിന്റെ ശോണാഭിവാദ്യം. അലയാഴികളായി ആയിരങ്ങൾ വയലാറിലെ ബലികുടീരത്തിലെത്തി രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചു. വയലാർ വീരസ്മരണ പുതുക്കലോടെ എഴുപത്തഞ്ചാമത് പുന്നപ്ര –- വയലാർ വാർഷിക വാരാചരണത്തിന് കൊടിയിറങ്ങി.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖ, പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരൻ കൊളുത്തി അത്ലീറ്റ് പ്രതാപന് കൈമാറി. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ ദീപശിഖ മുതിർന്ന സിപിഐ എം നേതാവ് എസ് ബാഹുലേയൻ അത്ലീറ്റ് സി ആർ വിനോദിനെ എൽപ്പിച്ചു. വയലാറിൽ കേന്ദ്ര വാരാചരണക്കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. പുഷ്പാർച്ചനയ്ക്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ ടി എം തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകിട്ട് ചേർന്ന അനുസ്മരണസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിച്ചു. എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. ബലികുടീരത്തിൽ പകൽ മൂന്നിന് ചേർന്ന വിപ്ലവകവി വയലാർ രാമവർമ അനുസ്മരണ സമ്മേളനത്തിൽ ഏഴാച്ചേരി രാമചന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു.