തിരുവനന്തപുരം
സ്കൂൾ തുറക്കുമ്പോൾ ലഘുവ്യായാമങ്ങൾക്കും പരീക്ഷണങ്ങൾക്കും പുസ്തകം വായിക്കാനും അവസരം ഒരുക്കണമെന്ന് അക്കാദമിക മാർഗരേഖ നിർദേശിച്ചു.
മറ്റ് പ്രധാന നിർദേശങ്ങൾ:
● സാമൂഹ്യശേഷികൾ പ്രോത്സാഹിപ്പിക്കാൻ ആവശ്യമെങ്കിൽ കൗൺസിലർമാരുടെ സേവനം നൽകണം
● എസ്സിഇആർടി തയ്യാറാക്കുന്ന മാർഗരേഖയ്ക്ക് അനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനം ഏകോപിപ്പിക്കുക
● നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുംമുമ്പ് തയ്യാറാക്കി അധ്യാപകർക്ക് ഓൺലൈൻ പരിശീലനം
● കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി ബന്ധം സ്ഥാപിക്കാനും ഗൃഹസന്ദർശനം
● സ്കൂൾ മനോഹരമായി അലങ്കരിക്കണം
● കുട്ടികളെ ആഘോഷപൂർവം പ്രവേശനകവാടത്തിൽത്തന്നെ സ്വീകരിക്കണം
● കലാപ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുക
● ആരോഗ്യ വിദ്യാഭ്യാസമേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം
അധ്യാപകർ സജ്ജരാകണം
കോവിഡാനന്തരകാലത്ത് അധ്യാപകർ നേരനുഭവത്തെയും ഓൺലൈൻ/ ഡിജിറ്റൽ പഠനത്തെയും കൂട്ടിയിണക്കിവേണം പഠിപ്പിക്കാൻ. വീഡിയോ ക്ലാസിലൂടെ ലഭിച്ച അറിവുകൾ പങ്കുവയ്ക്കാനും പ്രയോഗിക്കാനും ക്ലാസ് മുറി ഉപയോഗിക്കണം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് വീഡിയോ ക്ലാസും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗിക്കാം.
ടൈംടേബിൾ സ്കൂളിന് നിശ്ചയിക്കാം
ഓരോ സ്കൂളിനും അവരവരുടെ സാഹചര്യം പരിഗണിച്ച് ടൈംടേബിൾ തയ്യാറാക്കാം. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തിവേണം ഇത്. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം എന്നിവ പരിഗണിക്കണം.