ന്യൂഡൽഹി
പെഗാസസ് ചാരപ്പണിയില്‍ സുപ്രീംകോടതിയിൽ നിയമ യുദ്ധത്തിന് തുടക്കമിട്ടത് സിപിഐ എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. പാർലമെന്റിൽ സർക്കാർ ഒളിച്ചുകളി തുടര്‍ന്നതോടെയാണ് കോടതി മേൽനോട്ടത്തിൽ പ്രത്യേക സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടാസ് റിട്ട് ഹർജി നൽകിയത്. നിയമവിരുദ്ധമായ ചോർത്തൽ സാധ്യമല്ലെന്ന നിലപാടാണ്ഐടി–- ഇലക്ട്രോണിക്സ് മന്ത്രിയായിരുന്ന അശ്വനി വൈഷ്ണവ് പാർലമെന്റിൽ സ്വീകരിച്ചത്. അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖംതിരിച്ചു. അഭിപ്രായ–- ആവിഷ്കാര സ്വാതന്ത്ര്യങ്ങൾക്കെതിരായ കടന്നാക്രമണമാണ് പെഗാസസ് ചോര്‍ത്തലെന്ന് ബ്രിട്ടാസ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സർക്കാർ ഏജൻസികൾക്ക് മാത്രമാണ് സോഫ്റ്റ്വെയർ കൈമാറിയതെന്ന് എൻഎസ്ഒ പറയുന്നു. അങ്ങനെയെങ്കിൽ സർക്കാർ ഏജൻസികൾ നിയമവിരുദ്ധമായി ചോർത്തി. അല്ലെങ്കിൽ ഏതെങ്കിലും വിദേശ ഏജൻസി ചോർത്തി. സുപ്രീംകോടതി മേൽനോട്ടത്തില്‍ അന്വേഷണം വേണമെന്നും- ബ്രിട്ടാസ് ഹർജിയിൽ പറഞ്ഞു. മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയാണ് ബ്രിട്ടാസിനായി ഹാജരായത്.
സ്വാഗതാർഹമെന്ന് ജോൺ ബ്രിട്ടാസ് എംപി
പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. അന്വേഷണം പ്രഖ്യാപിച്ചതിനൊപ്പം വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ഉറപ്പും കോടതി നൽകിയിട്ടുണ്ട്. –- ബ്രിട്ടാസ് പറഞ്ഞു.