“ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.” ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സുപ്രീംകോടതി അനുവദിച്ച 142 അടിയെന്ന ജലനിരപ്പിൽ മാറ്റം വരുത്തേണ്ടെന്നും തങ്ങളുടെ തീരുമാനത്തോട് കേരളം വിയോജിച്ചെന്നും മുല്ലപ്പെരിയാർ മേൽന്നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. റിപ്പോർട്ടിൽ മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്തെന്നും നവംബറിലും മഴ തുടരാനാണ് സാധ്യതയെന്നും കേരളം കോടതിയിൽ വാദിച്ചു. 137.60 അടി വെള്ളം ഇപ്പോൾ ഡാമിലുണ്ട്. ഇത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും കേരളം വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷ പ്രധാനമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.
അതേസമയം ഒക്ടോബർ 30 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയിൽ നിർത്താമെന്ന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഡാമിലെ ജലം 138 അടിയിലെത്തിയാൽ അധിക ജലം സ്പിൽ വേ വഴി ഒഴുക്കിവിടാമെന്ന് തമിഴ്നാട് സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജലനിരപ്പ് 137 അടിയിൽ നിർത്തണമെന്നാണ് കേരളം ഉന്നതതല സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്.