വയലാർ > പൂമണം പരത്തി വീര വയലാർ വീണ്ടും ചുവന്നു. അവനവനു വേണ്ടിയല്ലാതെ അപരനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരർക്ക് ദേശത്തിന്റെ പ്രണാമം. അവർ വിളിച്ച മുദ്രാവാക്യങ്ങളുടെ കരുത്തിൽ, കൊണ്ട വെയിൽപ്പുറങ്ങളുടെ ചൂടിൽ പിന്മുറക്കാർ വയലാർ സ്മരണ പുതുക്കി.
വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരനും മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് എസ് ബാഹുലേയനും ദീപശിഖ കൈമാറിയതോടെയാണ് വയലാർ ദിനാചരണ സമാപന പരിപാടികൾക്ക് തുടക്കംകുറിച്ചത്. അത്ലീറ്റുകൾ കൈമാറി എത്തിച്ച ദീപശിഖ എൻ എസ് ശിവപ്രസാദ് മണ്ഡപത്തിൽ സ്ഥാപിച്ചു.
75ാമത് പുന്നപ്പറ വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമുള്ള ദീപശിഖ സിപിഐ എം സംസ്ഥാനകമ്മറ്റി അംഗം ജി സുധാകരൻ അതലറ്റുകൾക്ക് കൈമാറുന്നു. തോമസ് ഐസക്, കാനം രാജേന്ദ്രൻ, സജി ചെറിയാൻ, പി പ്രസാദ്, ആർ നാസർ, ടി ജെ ആഞ്ചലോസ്, എ എം ആരീഫ് എം പി, പി പി ചിത്ത രഞ്ജൻ, എച്ച് സലാം, സി എസ് സുജാത തുടങ്ങിയവർ സമീപം
ഈ മനോഹര തീരത്ത് ഇനിയൊരു ജന്മമില്ലെന്നറിഞ്ഞു കൊണ്ടുതന്നെ പോരാട്ടത്തിനിറങ്ങിയവരുടെ ഓർമദിനത്തിൽ നാടും നഗരവും നേരത്തെതന്നെ ഉണർന്നു. വഴിയോരങ്ങൾ കൊടിതോരണങ്ങളാൽ അലങ്കരിച്ച് ദീപശിഖാ റാലിയെ വരവേൽക്കാൻ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകർ ഒരുങ്ങി. റാലി കടന്നുപോയപ്പോൾ പൂക്കളർപ്പിച്ചും ഉറക്കെ മുദ്രാവാക്യം വിളിച്ചും പൊരുതിമരിച്ചവരുടെ അമരത്വം ഒരുവട്ടംകൂടി പ്രഖ്യാപിച്ചു.
ഗ്രാമങ്ങളിൽനിന്നുള്ള ചെറുപ്രകടനങ്ങൾ രാവിലെ മുതൽ സമരഭൂമിയിലേക്കു പ്രയാണമാരംഭിച്ചു. മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. കൊടികെട്ടിയ ഇരുചക്രവാഹനങ്ങളും അലങ്കരിച്ച മറ്റു വണ്ടികളും വയലാറിലേക്ക് പ്രവഹിച്ചു. ഓർമകളുറങ്ങുന്ന ചുവന്ന പാതയോരങ്ങൾ ഇവരെ വരവേറ്റു.
ആദ്യമെത്തിയത് മേനാശേരിയിൽനിന്നുള്ള ദീപശിഖ. പിന്നാലെ വലിയ ചുടുകാട്ടിൽനിന്നുള്ള ദീപശിഖയും. മണ്ഡപത്തെ വലയംവച്ച് ദീപശിഖ സ്ഥാപിച്ചപ്പോൾ ആവേശം വാനോളം. ഒരേമനസോടെ, ഒരേസ്വരത്തിൽ മുദ്രാവാക്യം മുഴങ്ങി ‘രക്തസാക്ഷികൾ അമരന്മാർ, ജീവിക്കുന്നവർ ഞങ്ങളിലൂടെ…’ ചുവന്ന രക്തസാക്ഷി മണ്ഡപത്തിൽ ചെത്തിയും ചെമ്പരത്തിയും അർപ്പിച്ച് രക്തസാക്ഷികൾക്ക് ഒരുവട്ടംകൂടി ആദരം അർപ്പിച്ചു.
പതിവുപോലെ സജീവമായിരുന്നു വയലാർ. ഉത്സവപ്പറമ്പിലെന്ന പോലെ അരിമുറുക്കും, പൊരിയും വിൽക്കുന്ന കടകൾ. ബലൂണും കളിവാച്ചും കണ്ണടയും വിൽക്കാനെത്തിയവർ. ദാഹം ശമിപ്പിക്കാൻ സർബത്തു കടകൾ. മറ്റ് വഴിവാണിഭക്കാർ. രക്തംവീണ് ചുവന്ന വയലാറിന്റെ മണ്ണിലെത്തിയവർക്ക് വർണ, വർഗ വ്യത്യാസമുണ്ടായിരുന്നില്ല. പ്രായഭേദവും. എല്ലാവർക്കും ഒരൊറ്റ മനസ്, ഒരേ വികാരം. തോറ്റാൽ കാലവും തോൽക്കുമെന്ന് പഠിപ്പിച്ച ആ മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ സ്മരണകൾ പുതുക്കി വയലാറിൽനിന്ന് അവർ മടങ്ങി.