തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിആർഡി ഓഡിയോ വീഡിയോ ഓഫീസർ പിടിയിലായി. നെടുമങ്ങാട് സ്വദേശി വിനോദ് കുമാറാണ് വിജിലൻസിന്റെ കെണിയിൽ അകപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഏജൻസിക്ക് പിആർഡി നൽകാനുള്ള ബിൽ തുക നൽകുന്നതിനാണ് വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്.
21 ലക്ഷം രൂപയോളം തിരുവനന്തപുരത്തെ ഏജൻസിക്ക് പി.ആർ.ഡി കുടിശ്ശിക വരുത്തിയിരുന്നു. ഇത് അനുവദിച്ച് കിട്ടാൻ 3.75 ലക്ഷം രൂപയാണ് വിനോദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 25000 രൂപ നൽകണമെന്നായിരുന്നു ആവശ്യം.
തരാമെന്ന് സമ്മതിച്ച് ഏജൻസി വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് 25000 രൂപ കൈമാറുന്നതിനിടെ വിനോദ് കുമാർ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സർക്കാരിന് വേണ്ടി ഓഡിയോ വീഡിയോ പരിപാടികൾ നിർമിച്ച് നൽകുന്ന ഏജൻസിയിൽ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിആർഡി തരാനുള്ള തുകയുടെ15 ശതമാനമാണ് വിനോദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.