ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിക്കുക. വിഷയം പരിശോധിക്കാൻ സാങ്കേതികസമിതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് സെപ്തംബർ 23ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സെപ്തംബർ 13ന് വാദം പൂർത്തിയായി. ഇസ്രയേലി കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ച പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺബ്രിട്ടാസ് എംപി, അഡ്വ. എം എൽ ശർമ, പെഗാസസ് ചാരനിരീക്ഷണത്തിന് ഇരകളായ പരഞ്ജോയ് ഗുഹാ താക്കുർതാ, എസ്എൻഎം ആബ്ദി, പ്രേംശങ്കർത്സാ, രൂപേഷ്കുമാർ സിങ്, ഇപ്സാശതക്ഷി, ജഗ്ദീപ് ച്ഛോക്കർ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.