തിരുവനന്തപുരം
അമ്പതുകോടി രൂപയ്ക്കു മുകളിൽ മുതൽമുടക്കുള്ള വ്യവസായത്തിന് ഇനി ഏഴു ദിവസത്തിനുള്ളിൽ അനുമതി ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം വ്യവസായം തുടങ്ങാൻ കോമ്പോസിറ്റ് ലൈസൻസ് നൽകുമെന്ന് മന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് കുതിപ്പേകുന്ന കേരള സൂക്ഷ്മ–- ചെറുകിട–- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ കഴിഞ്ഞ ദിവസം നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധന അനുസരിച്ച് ചുവപ്പ് വിഭാഗത്തിൽപെടാത്തതാകണം വ്യവസായം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുൾപ്പെടുന്ന ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ ബ്യൂറോക്കാണ് കോമ്പോസിറ്റ് ലൈസൻസ് നൽകാനുള്ള അധികാരം. ഏതു വകുപ്പിന്റെ അനുമതിക്കും പൊതു അപേക്ഷാ ഫോറം നൽകിയാൽ മതി. ഏഴു ദിവസത്തിനകം തീരുമാനമെടുക്കണം. ലൈസൻസിന്റെ കാലാവധി അഞ്ചുവർഷമാണ്. ലൈസൻസ് ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിബന്ധന പാലിച്ചതായി വ്യക്തമാക്കി സ്ഥാപനം സത്യവാങ്മൂലം നൽകണം. അഞ്ചു വർഷം കഴിഞ്ഞ് ലൈസൻസ് പുതുക്കുന്നതിനും ഇതേ പ്രക്രിയ മതി. ലൈസൻസ് കാലാവധി പൂർത്തിയാകുന്നതിന് മൂന്നുമാസംമുമ്പ് അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം പുതുക്കി നൽകും.
വ്യവസായത്തർക്ക പരിഹാരത്തിനുള്ള സംസ്ഥാന–- ജില്ലാ പരാതി പരിഹാര സമിതികൾ ഉടൻ രൂപീകരിക്കും. അഞ്ചുകോടി രൂപവരെ മുതൽമുടക്കുള്ളവയെ സംബന്ധിച്ച് ജില്ലാതല സമിതിയും അതിനു മുകളിൽ സംസ്ഥാനതല സമിതിയും പരിഗണിക്കും. 30 ദിവസത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 10,000 രൂപവരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.