മലപ്പുറം > കൊണ്ടോട്ടി കൊട്ടുക്കര കോടങ്ങാട് വിദ്യാർഥിയെ ബലാത്സംഗംചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറണോ എന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു.
15- 18നും ഇടയിൽ പ്രായമുള്ളവർ ബലാത്സംഗംപോലുള്ള കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടാൽ അവരുടെ മാനസികവളർച്ച പരിശോധിച്ച് മെഡിക്കൽ ബോർഡാണ് വിചാരണ തീരുമാനിക്കുക. മാനസികവളർച്ച എത്തിയതായി കണ്ടെത്തിയാൽ വിചാരണ സിജെഎം കോടതിക്ക് കൈമാറും.
തെളിവുകൾ പൂർണമായും പ്രതിക്ക് എതിരാണ്. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച പ്രതിയുടെ ചെരിപ്പും വീട്ടിൽനിന്ന് കണ്ടെടുത്ത വസ്ത്രങ്ങളും ശരീരത്തിലേറ്റ മുറിവുകളും കേസിൽ നിർണായകമാണ്. ക്രിമിനൽ പശ്ചാത്തലമില്ലെന്നതുമാത്രമാണ് തുണ.
ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷമാണ് പ്രായപൂർത്തിയാകാത്തവർ പ്രതികളായ കേസിൽ 15 വയസ് പൂർത്തിയായവരുടെ കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്.