ആലപ്പുഴ > ഒരണ സമര നായകനാണെന്ന എ കെ ആന്റണിയുടെ അവകാശവാദം പൊളിച്ചടുക്കി സമകാലീനനും മുൻ എഐസിസി അംഗവുമായ പ്രൊഫ. ജി ബാലചന്ദ്രൻ. കഴിഞ്ഞയാഴ്ച ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ ഇന്നലെകളുടെ തീരത്ത്’ എന്ന ആത്മകഥയിലാണ് ആന്റണി സമരരംഗത്തില്ലായിരുന്നു എന്ന് ബാലചന്ദ്രൻ വ്യക്തമാക്കുന്നത്.
1958 ജൂലൈ 14ന് ആരംഭിച്ച ഒരണ സമരത്തിന്റെ നേതൃത്വം വയലാർ രവിക്കും എം എ ജോണിനുമായിരുന്നുവെന്ന് ആത്മകഥയിൽ വ്യക്തമാക്കുന്നു. കോട്ടയത്ത് ഉമ്മൻചാണ്ടിയെ സമര രംഗത്തിറക്കിയതും എം എ ജോണായിരുന്നു. അന്ന് എ കെ ആന്റണി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ‘അന്ന് താൻ ആലപ്പുഴ എസ്ഡിവി സ്കൂളിലും ആന്റണി ചേർത്തല ഗവർമെന്റ് ഹൈസ്കൂളിലും പഠിക്കുകയായിരുന്നുവെന്ന് ’ബാലചന്ദ്രൻ ദേശാഭിമാനിയോട് പ്രതികരിച്ചു.
അന്ന് തനിക്ക് 14 വയസേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സമരത്തിൽ പങ്കെടുത്തില്ല. വീട് ബോട്ടുജട്ടിക്ക് അടുത്തായതിനാൽ സമരാവേശം കാണാൻ എതിർകരയിൽ നിൽക്കും. ചേർത്തലക്കാരൻ കുര്യാക്കോസായിരുന്നു അറിയപ്പെട്ട ആദ്യ ഒരണ സമര നേതാവ്. കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ റിഹേഴ്സലായിരുന്നു വിദ്യാർഥികളുടെ ബോട്ടുകൂലി വർധന ആരോപിച്ച് കുട്ടനാട്ടിൽ നടന്ന സമരം. അതിൽ ആന്റണി ഇല്ലായിരുന്നു എന്ന ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ ഒരു കഥ കൂടി പൊളിക്കുകയാണ്. ജനാധിപത്യം അട്ടിമറിച്ച് എ കെ ആന്റണി കെഎസ്യു പ്രസിഡന്റായ ചരിത്രവും ബാലചന്ദ്രൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അതിന്റെ സൂത്രധാരനാകട്ടെ വയലാർ രവിയും. 1964ൽ തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രതിനിധികളായി എത്തിയത് മുപ്പതോളം പേർ.
താനും വയലാർ രവിയും ആന്റണിയും യു കെ ഭാസിയും വർഗീസുമൊക്കെ എത്തിയിരുന്നു. വർഗീസിനാണ് ഭൂരിപക്ഷമെന്നു മനസിലാക്കിയതോടെ ‘താൻ പറയുന്നതുവരെ പ്രസംഗിക്കാമോ’ എന്നു വയലാർ രവി ചോദിച്ചു. പ്രസംഗം രണ്ടു മണിക്കൂറിലേറെ നീണ്ടു. അപ്പോൾ ഒരു സംഘം വിദ്യാർഥികളെത്തി. അവർ ആന്റണിക്ക് വോട്ടു ചെയ്യുകയും അദ്ദേഹം ജയിക്കുകയു ചെയ്തു. തന്നോട് രവി പറഞ്ഞത് “എടാ മണ്ടാ, അത് എറണാകുളം മഹാരാജാസ് ഹോസ്റ്റലിലെ കുട്ടികളാണ്’ എന്നാണ്. അവരെ ലോറിയിൽ കൊണ്ടുവരാൻ സമയമെടുക്കും എന്നതിനാലാണ് ബാലചന്ദ്രനോട് ദീർഘമായി പ്രസംഗിക്കാൻ പറഞ്ഞത്.