തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പ് കേസിൽ പ്രധാന ഉത്തരവാദിയായ സൂപ്രണ്ട് ശാന്തി അറസ്റ്റിലായതോടെ നിരാഹാരമടക്കമുള്ള സമരങ്ങളിൽ നിന്ന് പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും പിന്മാറി. നഗരസഭയിലെ മൂന്ന് സോണൽ ഓഫീസുകൾ വഴി ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നത്. ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സോണൽ ഓഫീസുകളിലായി ഏകദേശം 33,54,169 രൂപയാണ് നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. ജനങ്ങളിൽ നിന്ന് പിരിച്ച പണം ബാങ്കിലടയ്ക്കാതെ വെട്ടിച്ചുവെന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ ഇതുവരെ നാല് അറസ്റ്റാണ് ഉണ്ടായത്.
കുടിശ്ശിക നോട്ടീസ് കള്ളി വെളിച്ചത്താക്കി
കൃത്യമായി വീട്ടുകരം അടച്ചവർക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. സംഭവത്തിൽ പഴയ രസീതുകളുമായി ആളുകൾ പരാതിപ്പെട്ടതോടെ വിഷയത്തിൽ നഗരസഭ അന്വേഷണത്തിന് നിർബന്ധിതരായി. നിരവധി പേർക്ക് നോട്ടീസ് വരികയും ബി.ജെ.പി കൗൺസിലർ കരമന ജയനും സമാനമായ നോട്ടീസ് ലഭിക്കുകയും ചെയ്തതോടെ ബി.ജെ.പി നഗരസഭയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നു.
വിഷയം ഭരണസമിതിയെ പ്രതിരോധത്തിലാക്കിയതോടെ നഗരസഭ എല്ലാ സോണുകളിലും പരിശോധന നടത്താൻ തീരുമാനിച്ചു. ഇതോടെ നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ ക്രമക്കേട് തെളിഞ്ഞു. വിഷയം പ്രതിപക്ഷമായ ബിജെപിയും യു.ഡി.എഫും രാഷ്ട്രീയമായി ഉന്നയിക്കുകയും സമരത്തിലേക്ക് കടക്കുകയും ചെയ്തു. സമരം തുടങ്ങിയതോടെ പലവിധ പ്രചാരണങ്ങളാണ് നഗരസഭയ്ക്കെതിരെ നടന്നത്.
ഇതോടെ ജനങ്ങൾ തങ്ങളുടെ കരമടച്ച രസീതുകളുമായി നഗരസഭയിലേക്ക് എത്തുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെ എത്തിയ പലരുടെയും തുക നഗരസഭ വരവുവെച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ജനങ്ങൾ ആശങ്കയിലായി. ഇതോടെ കൂടുതൽ പരിഭ്രാന്തിയിലായത് കരമടച്ചതിന്റെ രസീത് കൃത്യമായി സൂക്ഷിക്കാതിരുന്നവരാണ്. അടച്ചതിന്റെ രേഖകൾ കൈവശമില്ലെങ്കിൽ വീണ്ടും വലിയ തുക ഒരുമിച്ച് അടയ്ക്കേണ്ടി വരുമെന്ന് ഇവർ ഭയന്നു. പ്രതിപക്ഷ സമരം കടുത്തതോടെ ജനങ്ങളുടെ ആശങ്കയും വർധിച്ചു.
ആരുടെയും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മേയർ, വിശ്വസിക്കാതെ ജനം
തിരുവനന്തപുരം നഗരസഭക്ക് കീഴിൽ 11 സോണൽ ഓഫീസുകളാണുള്ളത്. ഇവിടങ്ങളിൽ കോവിഡിനു ശേഷം ഓഡിറ്റ് നടത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്താണ് ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ് നടത്തിയത്. സോണൽ ഓഫീസുകളിൽ വിവിധ ഇനങ്ങളിലായി ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള വികാസ്ഭവനിലെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. എന്നാൽ നികുതിപ്പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ വക മാറ്റിയാണ് ഉദ്യോഗസ്ഥർ വെട്ടിപ്പ് നടത്തിയത്. പണം അടച്ച രസീത് ആളുകൾക്ക് കൈമാറിയിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗിക രേഖകളിൽ ഇല്ല.
ഇതോടെ നഗരസഭ പ്രതിസന്ധിയിലായി, നടപടി എടുക്കാൻ നിർബന്ധിതരായി. മുഖം രക്ഷിക്കാൻ ശ്രീകാര്യം സോണിൽ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യർ അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിൽ 26,74,333 രൂപ ബാങ്കിൽ അടയ്ക്കാത്ത കാഷ്യർ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിൽ 1,9,836 രൂപ ബാങ്കിലിടാത്ത ജോർജ്കുട്ടി എന്നിവരെ നഗരസഭ സസ്പെൻഡ് ചെയ്തു. ആരുടെയും പണം നഷ്ടപ്പെടില്ലെന്നും ഉത്തരവാദികളായവരിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മേയർ വ്യക്തമാക്കിയെങ്കിലും ആശങ്കമാത്രം ബാക്കി.
സോഫ്റ്റ്വെയർ തകരാർ മുതൽ തട്ടിപ്പിലെ അറസ്റ്റ് വരെ
ആദ്യം സോഫ്റ്റ്വെയർ തകരാറെന്നായിരുന്നു നഗരസഭ ഇതിനോട് പ്രതികരിച്ചത്. എന്നാൽ വർഷങ്ങളായി സോഫ്റ്റ്വെയറിലുണ്ടായിരുന്ന പിഴവുകൾ പരിഹരിക്കാതിരുന്നത് ഭരണ സമിതിയെ നയിച്ചിരുന്ന എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി. തകരാർ മാത്രമല്ല ഓഡിറ്റുംകൃത്യമായി നടന്നിരുന്നില്ല എന്നതുകൂടി പുറത്തുവന്നതോടെ നഗരസഭ കൂടുതൽ പ്രതിരോധത്തിലായി. പലവർഷങ്ങളായി അടച്ച തുക വരവുവെക്കാതിരുന്നതിനാൽ ഇതിനുമുമ്പും ഇത്തരം കാര്യങ്ങൾ നടന്നിരുന്നതായി സംശയമുയർന്നു.
സോഫ്റ്റ്വെയർ പിഴവെന്ന് പറഞ്ഞു പിടിച്ചുനിന്ന നഗരസഭയ്ക്ക് കൂടുതൽ ക്രമക്കേടുകൾ വന്നതോടെ നിൽക്കക്കള്ളിയില്ലാതായി. പിന്നീട് ചെറിയ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന തരത്തിലായി പ്രതികരണം. എന്നാൽ അന്വേഷണത്തിൽ കൂടുതൽ ക്രമക്കേട് പുറത്തുവന്നതോടെ പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന വിധത്തിലേക്ക് കാര്യങ്ങളെത്തി.
ഒടുവിൽ, കുറെ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകി സസ്പെൻഡ് ചെയ്തത് നഗരസഭ തലയൂരി. എന്നാൽ അവർക്കെതിരെ അറസ്റ്റ് വൈകിയതോടെ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ വൈകിയതോടെ യുഡിഎഫും ബിജെപിയും നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരവുമായെത്തി. ഇവരെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
കേസിൽ സസ്പെൻഡിലായ നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിക്കുള്ള പാർട്ടി ബന്ധമാണ് ഇക്കാര്യത്തിൽ ഉയർത്തിക്കാട്ടിയത്. കോർപ്പറേഷൻ യൂണിയന്റെ സംസ്ഥാന സമിതി അംഗമാണ് ശാന്തി. സസ്പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിലായപ്പോഴും ശാന്തിയെ പോലീസ് കണ്ടില്ലെന്ന് നടിച്ചു. കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാനുള്ള വഴിയൊരുക്കലാണ് നടക്കുന്നതെന്ന ആരോപണം ഉയർന്നപ്പോഴും ശാന്തിയെ അറസ്റ്റ് ചെയ്യുന്നതിനെ പരോക്ഷമായി എതിർക്കുന്ന നിലപാടാണ് ഭരണ സമിതിയുടെ ഭാഗത്തുനിന്നുണ്ടായത്.
പണം കൈകാര്യം ചെയ്യുന്നതിൽ ശാന്തിക്ക് നോട്ടക്കുറവുണ്ടായെന്നു മാത്രമാണ് വിഷയത്തിൽ നഗരസഭ പറഞ്ഞത്. എന്നാൽ ശാന്തിക്കെതിരെ മുമ്പും പരാതി ഉണ്ടായിരുന്നുവെന്ന കാര്യം പ്രതിപക്ഷം ഉയർത്തിക്കാട്ടി. ഇതിനിടെ ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളി. എന്നിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ വൈകിയതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വരെ ആരോപണങ്ങളുയർന്നു.
അറസ്റ്റിലായ പ്രതി ശാന്തി
നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ ശാന്തിയെ മാത്രം അറസ്റ്റ് ചെയ്യുന്നത് വൈകിയതോടെ ബി.ജെ.പി കൗൺസിലർമാർ നിരാഹാര സമരത്തിലേക്ക് കടന്നു. പിന്നാലെ നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് അലങ്കോലപ്പെട്ടു. പ്രതിപക്ഷ സമരത്തിനെതിരെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിഞ്ഞതോടെ സമരം കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി പ്രഖ്യാപനമുണ്ടായി.
ഒടുവിൽ ശാന്തിക്ക് കൈവിലങ്ങ്
ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്റ് ആയിരുന്ന ബിജുവിനെയാണ് കേസിൽ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് നേമം സോണൽ ഓഫീസിലെ കാഷ്യർ സുനിത ഒക്ടോബർ 16-ന് അറസ്റ്റിലായി. അറസ്റ്റിലായവർ വെറും ഡമ്മികളാണെന്നും ശാന്തിയാണ് എല്ലാത്തിനും കാരണക്കാരിയെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ അറസ്റ്റ് വൈകിയതോടെ പോലീസും സി.പി.എമ്മും ഒത്തുകളിക്കുന്നുവെന്നായി ആരോപണം.
പ്രതികളെ രക്ഷിക്കാൻ ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയർന്നതോടെപോലീസും സമ്മർദ്ദത്തിലായി. സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം പ്രതിക്കൂട്ടിലാകുമെന്ന സ്ഥിതി വന്നതോടെ ശാന്തിയോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. നേമം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നത് അറസ്റ്റ് ഒഴിവാക്കാൻ ഇത്രയും കാലം ഇടപെടൽ നടന്നിരുന്നുവെന്ന ആരോപണങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
Contennt Highlights: Tax fraud at TVM corporation: Key accused arrested