തിരുവനന്തപുരം: അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയെന്ന പരാതിയിൽ വനിതാശിശുവികസന വകുപ്പ് ഡയറക്ടർ, കുട്ടിയുടെ അമ്മഅനുപമ എസ് ചന്ദ്രന്റെ മൊഴിയെടുക്കും. നാളെ വൈകുന്നേരം നാല് മണിക്ക് ഹാജരാവാനാണ് അനുപമയോട് നിർദേശിച്ചിരിക്കുന്നത്.
വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി റാണി ജോർജ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയോട് ഹാജരാവാൻ നിർദേശിച്ചിരിക്കുന്നത്.
കേസിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അനുപമയോടും ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കുഞ്ഞിന്റെ ദത്തെടുക്കൽ നടപടികൾ തിരുവനന്തപുരം കുടുംബ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. ദത്ത് നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുകയുംചെയ്തിരുന്നു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് ശിശുക്ഷേമ സമിതികോടതിയെ അറിയിച്ചിരിക്കുന്നത്.