കൊച്ചി: ദക്ഷിണ കൊറിയയിൽ കാർഷികവൃത്തിയ്ക്കായി അപേക്ഷകരുടെ തള്ളിക്കയറ്റം. പത്താംക്ലാസ് യോഗ്യത വേണ്ട ജോലിക്ക് ഡിഗ്രിയും പിജിയും ഉള്ളവർ വരെ അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷകർ 5000 കവിഞ്ഞതോടെ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് രജിസ്ട്രേഷൻ അവസാനിപ്പിച്ചു. ആദ്യഘട്ടത്തിൽ നൂറു പേർക്കാണ് അവസരമുള്ളത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുമെന്ന് ഒഡെപെക് അറിയിച്ചു.
ദക്ഷിണ കൊറിയൻ സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള മേഖലയിൽ ഉള്ളിക്കൃഷിക്കായി കരാറടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്ന് ആളുകളെ വിളിച്ചിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപ (1500 ഡോളർ) ശമ്പളമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് നേരിട്ടാണ് റിക്രൂട്ടിങ് നടത്തുന്നത്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും മികച്ച വരുമാനവും മുന്നിൽക്കണ്ട് ആയിരക്കണക്കിന് ആളുകളാണ് അപേക്ഷകരായി എത്തിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചും വെള്ളിയാഴ്ച എറണാകുളത്ത് വെച്ചും ജോലിയെ സംബന്ധിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്തവരെല്ലാം സെമിനാറിൽ പങ്കെടുക്കണം. ഇതിനുശേഷമാകും തുടർനടപടികൾ.
ജോലിയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം സെമിനാറിൽ വീഡിയോയുടെ സഹായത്തോടെ വിവരിക്കുമെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ.മനോജ് പറഞ്ഞു. വളരെ തണുപ്പുകൂടിയ പ്രദേശമാണ് കൊറിയ. അവിടത്തെ കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെല്ലാം സെമിനാറിൽ വിശദമാക്കും. പിന്നീട് താൽപര്യവും യോഗ്യതയുമുള്ളവരെ അഭിമുഖത്തിനയക്കും.
കോവിഡ് മൂലംസെമിനാർ ഹാളിൽ ഉൾക്കൊള്ളിക്കാവുന്നവരുടെ എണ്ണത്തിൽ വലിയ പരിമിതിയുണ്ട്. അതിനാലാണ് അപേക്ഷകരുടെ എണ്ണം അയ്യായിരത്തിൽ ഒതുക്കേണ്ടിവന്നത്. ആയിരം പേരെ ആവശ്യപ്പെട്ടതിൽ 100 പേർക്ക് വേണ്ടിയാണ് ഇപ്പോൾ റിക്രൂട്ടിങ് നടത്തുന്നത്. അതിനുശേഷം കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം -ഒഡെപെക് എംഡി കൂട്ടിച്ചേർത്തു.
വിദേശജോലിക്ക് ഒഡെപെക്കിൽ രജിസ്റ്റർ ചെയ്യാം
വിദേശജോലിയ്ക്ക് താൽപര്യമുള്ളവർക്ക് ഒഡെപെക് സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകും. രണ്ടു വർഷത്തേക്കുള്ള രജിസ്ട്രേഷന് 250 രൂപയാണ് ഫീസ്. രജിസ്റ്റർ ചെയ്യുന്നവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികൾ വന്നാൽ നോട്ടിഫിക്കേഷൻ ലഭിക്കും. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കാണ് റിക്രൂട്ടിങ്ങിൽ മുൻഗണന. ഇവരിൽ നിന്നും ആവശ്യമായവരെ കിട്ടിയില്ലെങ്കിലേ പബ്ലിക് നോട്ടിഫിക്കേഷൻ വഴി ജീവനക്കാരെ റിക്രൂട്ട് ചെയ്യൂ.