മുല്ലപ്പെരിയാറ്റിൽ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിൻ്റെ നിലപാടെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ തമിഴ്നാടുമായി ചില ഭിന്നതകളുണ്ട്. ഇത് ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ വഴി മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം ശക്തമാകുന്നതിനിടയിലാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലടക്കം മലയാളികള്‍ പുതിയ ഡാം ആവശ്യപ്പെട്ട് കമൻ്റുകള്‍ ഇടുന്നുണ്ട്. നടൻ പൃഥ്വിരാജ് അടക്കമുള്ള സിനിമാതാരങ്ങളും ക്യാപയിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
Also Read:
മുല്ലപ്പെരിയാര്‍ ഡാമിൽ നിന്ന് തമിഴ്നാടിനോട് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. തുരങ്കം വഴി വൈഗ അണക്കെട്ടിലേയ്ക്കാണ് വെള്ളം കൊണ്ടുപോകുന്നത്. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ തുറക്കുന്നതിനു 24 മണിക്കൂര്‍ മുൻപ് കേരളത്തെ വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:
മുല്ലപ്പെരിയാര്‍ ഡാമിനു പ്രശ്നമുണ്ടായാൽ വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് ആളുകളുടെ ജീവനു ഭീഷണിയാകുമെന്നും നിലവിൽ ഉത്കണ്ഡാജനമായ സാഹചര്യമാണുള്ളതെന്നും എംഎം മണി എംഎൽഎ പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വീണ്ടും സുപ്രീം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read:
എന്നാൽ നിലവിൽ മുല്ലപ്പെരിയാറിൽ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ചില ആളുകള്‍ കൂടി സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയിട്ടുള്ള സാഹചര്യമാണ് ഇതെന്നും തെറ്റായ പ്രചാരണം നടത്തി ഭീതി പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കാൻ പോകുന്നുവെന്നാണ് പ്രചാരണം. അത് നാടിനു ഗുണം ചെയ്യുന്നതല്ല. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഏതെങ്കിലും വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
തമിഴ്നാടുമായി കേരളത്തിനു നല്ല ബന്ധമാണുള്ളതെന്നും എല്ലാ കാര്യത്തിലും അവര്‍ സഹകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിഷയത്തിൽ തമിഴ്നാടുമായി ചില അഭിപ്രായ ഭിന്നതകളുണ്ടെന്നും ഇത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.