തിരുവനന്തപുരം
മുല്ലപ്പെരിയാർ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകരാനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടന സർവകലാശാല പഠന റിപ്പോർട്ട്. അണക്കെട്ട് തകർന്നാൽ മഹാദുരന്തമാകും. കേരളത്തിലെ 35 ലക്ഷം ജനങ്ങളെ ബാധിക്കും. സജീവ ഭൂചലന സാധ്യത മേഖലയിലാണ് അണക്കെട്ടുള്ളത്. 1979ലെ ഭൂചലനം അണക്കെട്ടിൽ വിള്ളലുണ്ടാക്കി. 2011ലെ ഭൂചലനം ഇത് കൂടുതലാക്കി. ചോർച്ച സാധ്യത ആശങ്കാജനകമാണ്. അണക്കെട്ടിന്റെ നിർമാണവിദ്യ കാലഹരണപ്പെട്ടു.
നിർമിക്കുമ്പോൾ 50 വർഷം ആയുസ്സ് നിശ്ചയിച്ച അണക്കെട്ടിന് നൂറുവർഷമായി. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് എതിർത്തെന്നും റിപ്പോർട്ടിലുണ്ട്. ജലനിരപ്പ് താഴ്ത്താനും തമിഴ്നാട് സമ്മതിക്കുന്നില്ല. സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ആണ് പഠനം നടത്തിയത്. ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, ജപ്പാൻ, ക്യാനഡ, സിംബാബ്വേ, സാംബിയ എന്നിവിടങ്ങളിലെ പഴക്കം ചെന്ന ഡാമുകളെ കുറിച്ചായിരുന്നു പഠനം.
137 അടിയിലേക്ക്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. ഞായർ രാവിലെ ആറിന് 136.8 അടി ആയിരുന്ന ജലനിരപ്പ് വൈകിട്ട് ആറോടെ 136.9 ആയി. അണക്കെട്ട് പ്രദേശത്ത് മണിക്കൂറിൽ 71.4 മില്ലീമീറ്ററും തേക്കടിയിൽ 16.4 മില്ലീമീറ്ററും മഴപെയ്തു.
139 അടിയാക്കാൻ അപേക്ഷ നൽകും
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാനുള്ള ഉത്തരവിനായി തിങ്കളാഴ്ച സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലെ ഇടക്കാല ഉത്തരവിൽ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കാൻ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാൻ നിർദേശിച്ചിരുന്നു. ജലനിരപ്പ് മഴ മൂലം ഞായർ രാത്രി ഒമ്പതിന് 136.95 അടിയായി. ഇത് ക്രമീകരിക്കാൻ തമിഴ്നാട്ടിലേക്ക് ടണൽ വഴി കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 1300 ക്യുസെക്സിൽനിന്നും പൂർണ ശേഷിയായ 2200 ക്യുസെക്സിലേക്ക് ഉയർത്തി. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് 16 മുതൽ അണക്കെട്ടിന്റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുന്നുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.