കോഴിക്കോട്
ഭാരവാഹിത്വത്തിൽ പുതുമുഖങ്ങളെയും വനിതകളെയും തഴഞ്ഞതിൽ മുസ്ലിം യൂത്ത് ലീഗിൽ പ്രതിഷേധം. അഞ്ചുവർഷമായി തുടരുന്ന മുനവറലിയെയും പി കെ ഫിറോസിനെയും നേതൃത്വത്തിൽ വീണ്ടും അടിച്ചേൽപ്പിച്ചതിലാണ് പ്രതിഷേധം. ഭാരവാഹികൾക്കെതിരെ വിവിധ ജില്ലാ കമ്മിറ്റികളും രംഗത്തെത്തി. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി പി എം ജിഷാനെ അംഗീകരിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി പരസ്യമായി പറഞ്ഞു. റിട്ടേണിങ് ഓഫീസർ പി എം എ സലാമിന് പരാതിയും നൽകി. നിലവിൽ ഭാരവാഹിയായിരുന്ന ആഷിഖ് ചെലവൂരിനെ ഒഴിവാക്കിയതിലാണ് അതൃപ്തി.
ട്രഷററായി പി ഇസ്മയിലിന് പകരം ടി പി അഷ്റഫലിയുടെ പേര് ഒമ്പത് ജില്ലാ കമ്മിറ്റികൾ നിർദേശിച്ചു. മുനവറലി തങ്ങളെ മാറ്റുകയാണെങ്കിൽ പി കെ ഫിറോസ് പ്രസിഡന്റും അഷ്റഫലി ജനറൽ സെക്രട്ടറിയും എന്ന നിർദേശവുമുണ്ടായി. എന്നാൽ അഷറഫലിയെ പൂർണമായി അവഗണിച്ചു. വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖിതങ്ങൾ എന്നിവർ മലപ്പുറം കമ്മിറ്റിക്ക് സ്വീകാര്യരല്ല. നഗരസഭാ ചെയർമാനായ മുജീബിനെ ഭാരവാഹിയാക്കിയത് ചില നേതാക്കളുടെ ഇഷ്ടപ്രകാരമാണെന്നാണ് ആരോപണം. ഫൈസലിനെതിരെ പൊന്നാനിയിലും പ്രതിഷേധമുണ്ട്.
സമൂഹമാധ്യമങ്ങളിലും വിമർശം
സമൂഹമാധ്യമങ്ങളിലും പ്രവർത്തകരുടെ വിമർശമുയർന്നു. നിലവിലെ സംസ്ഥാനസമിതിയിൽ 40ന് താഴെയുള്ള ഒരാളേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി ഇത് വൃദ്ധസഭയാണെന്ന് ട്രോളുകൾ നിറഞ്ഞു. ഭരണഘടനയനുസരിച്ച് 40 വയസ്സുവരെ അംഗമാകാം. പുതുമുഖങ്ങൾക്ക് അവസരം നൽകാത്തത് ലീഗ് ഉന്നത നേതാക്കളുടെ താൽപ്പര്യമാണെന്നാണ് പരാതി. സാദിഖലി തങ്ങൾ കണ്ണുരുട്ടിയപ്പോൾ സ്ഥാനത്തിനായി അഷ്റഫലിയെയും ഹരിതയെയും ഫിറോസ് പെരുവഴിയിലാക്കിയെന്നാണ് ആക്ഷേപം.