കൊച്ചി
സംസ്ഥാനത്ത് പെട്രോൾവില 110 രൂപ കടന്നു കുതിക്കുന്നു. തിരുവനന്തപുരം പാറശാലയിൽ ഒരുലിറ്റർ പെട്രോളിന് 110.11 രൂപയായി. ഇടുക്കി പൂപ്പാറയിലും 110 കടന്നു. തുടർച്ചയായി അഞ്ചാംദിവസവും ഇന്ധനവില കൂട്ടി. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 109. 84 രൂപയും ഡീസലിന് 103.51 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 107. 77 രൂപയും ഡീസലിന് 101.57 രൂപയും കോഴിക്കോട്ട് പെട്രോളിന് 108.07 രൂപയും ഡീസലിന് 101.87 രൂപയുമായി ഉയർന്നു.
ജൂൺ 24നാണ് സംസ്ഥാനത്ത് പെട്രോൾവില 100 കടന്നത്. അന്താരാഷ്ട്രവിപണിയിൽ 76.18 ഡോളർ വിലയുണ്ടായിരുന്ന അസംസ്കൃത എണ്ണ ജൂലൈയിൽ 68.62 ഡോളറിലേക്കും ആഗസ്തിൽ 65.18 ഡോളറിലേക്കും താഴ്ന്നെങ്കിലും കേന്ദ്രം പെട്രോൾവില കുറച്ചില്ല. സെപ്തംബർ 24 മുതൽ എണ്ണവില കൂടി എന്നപേരിൽ വീണ്ടും ഇന്ധനവില തുടർച്ചയായി വർധിപ്പിക്കാനും തുടങ്ങി. ഈമാസം 19 തവണ വില വർധിപ്പിച്ചു. പെട്രോളിന് 6.22 രൂപയും ഡീസലിന് 7.15 രൂപയുമാണ് കൂട്ടിയത്.