ന്യൂഡല്‍ഹി: ചിരവൈരികളായ പാകിസ്ഥാനെതിരെ ലോകകപ്പ് മത്സരങ്ങളില്‍ ഒരിക്കൽ പോലും തലകുനിക്കണ്ടി വന്നിട്ടില്ല ഇന്ത്യക്ക്. 2021 ട്വന്റി 20 ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നേരിടുമ്പോള്‍ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കുമൊപ്പമാണ് ചരിത്രം. ഇന്ത്യ-പാക് പോരാട്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒന്നാണെന്നതില്‍ തര്‍ക്കമില്ല. അതില്‍ ചില സുപ്രധാന മത്സരങ്ങളെ ഓര്‍ത്തെടുക്കാം.
1992 ലോകകപ്പ്
പാക്കിസ്ഥാന്‍ നിര പ്രതിഭാശാലികളാള്‍ സമ്പന്നമായിരുന്നു 1990 കാലഘട്ടത്തില്‍. 1992 ലോകകപ്പില്‍ സിഡ്നിയിൽ നടന്ന മത്സരത്തോടെയായിരുന്നു ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായത്. അന്ന് ബോളിങ് മികവിൽ 43 റൺസിനാണ് ഇന്ത്യ വിജയിച്ചത്. കളിയുടെ തുടക്കത്തില്‍ വസിം അക്രത്തിന്റേയും ഇമ്രാൻ ഖാന്റേയും വേഗതയേറിയ പന്തുകള്‍ക്ക് മുന്നില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന 18 വയസുകാരാന്‍ പോരാടി.
അന്നത്തെ അര്‍ദ്ധ സെഞ്ചുറി പ്രകടനത്തിന് സച്ചിന് കളിയിലെ താരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഇന്ത്യ ഉയര്‍ത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ ബാറ്റിങ് നിരയെ കപില്‍ ദേവും മനോജ് പ്രഭാകറും ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. രണ്ട് വിക്കറ്റുകള്‍ വീതം ഇരുവരും നേടി. ജാവേദ് മിയാൻദാർ പാക്കിസ്ഥാനായി പോരാട്ടം തുടര്‍ന്നെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.
1996 ലോകകപ്പ്
ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നായകന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പ്രകടനം. നവജ്യോത് സിദ്ധുവും 93 (115) സച്ചിൻ തെന്‍ഡുല്‍ക്കറും 31 (59) ചെര്‍ന്ന് ഇന്നിങ്സിന് അടിത്തറ പാകി. 287 റണ്‍സാണ് നിശ്ചിത ഓവറില്‍ ഇന്ത്യ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ അതിവേഗത്തിലാണ് തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ 84 റൺസ് നേടി. എന്നാല്‍ അടിപതറയെങ്കിലും ഇന്ത്യന്‍ ബോളിങ് നിര തിരിച്ചു വന്നു. വെങ്കിടേഷ് പ്രസാദും അനില്‍ കുംബ്ലെയും മൂന്ന് വിക്കറ്റ് വീതം നേടി. 39 റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ മുന്നേറി. സിദ്ധുവായിരുന്നു കളിയിലെ താരം.
1999 ലോകകപ്പ്
ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ആധിപത്യം വീണ്ടും തുടര്‍ന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് അസറുദ്ധീന്‍ 69 (77) രാഹുൽ ദ്രാവിഡ് 61 (89) കൂട്ടുകെട്ടാണ് ഇന്ത്യയെ നയിച്ചത്. നിലവാരത്തിനൊത്ത പ്രകടനം ബാറ്റിങ്ങില്‍ കാഴ്ച വയ്ക്കാനായില്ലെങ്കിലും 47 റണ്‍സിന് ഇന്ത്യ വിജയം പിടിച്ചെടുത്തു. 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ വെങ്കിടേഷ് പ്രസാദിന്റെ മികവിന് മറുപടി നല്‍കാന്‍ പാക്കിസ്ഥാനായില്ല. വെങ്കിടേഷ് ആയിരുന്നു കളിയിലെ താരം.
2003 ലോകകപ്പ്
ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടന്ന ലോകകപ്പ് മത്സരം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു. ഇരുടീമുകളുടേയും ബാറ്റിങ് കരുത്ത് കണ്ട മത്സരമായിരുന്നു അത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ സയ്യിദ് അൻവറിന്റെ സെഞ്ച്വറി മികവിൽ 273 റൺസ് പടുത്തുയർത്തി. താരതമ്യേന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് പിഴച്ചില്ല. സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണെങ്കിലും പിന്നീട് രാഹുൽ ദ്രാവിഡും 44 (76) യുവരാജ് സിങ്ങും 60 (53) ചേർന്ന് ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം സമ്മാനിച്ചു. 98 റണ്‍സ് നേടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സച്ചിനായിരുന്നു കളിയിലെ താരം.
2007 ട്വന്റി 20 ലോകകപ്പ്
ഇന്ത്യ-പാക് മത്സരങ്ങളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ശ്രദ്ധേയമായ മത്സരമാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടന്ന ട്വന്റി ഫൈനൽ മത്സരം. അത്രമേൽ ത്രസിപ്പിച്ച മറ്റൊരു മത്സരം ഉണ്ടായിട്ടില്ല. ആവേശം നിറഞ്ഞ മത്സരത്തിൽ കേവലം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായത്. കിരീട നേട്ടം ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.
ഫീല്‍ഡിങ്ങിലും ബോളിങ്ങിലും കരുത്തു കാട്ടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ 157 റണ്‍സിലൊതുക്കി. പാക്കിസ്ഥാന് അവസാന നാല് ഓവറുകളില്‍ ജയിക്കാന്‍ 54 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഭജന്‍ സിങ്ങെറിഞ്ഞ ഓവറില്‍ മൂന്ന് സിക്സറുകള്‍ പറത്തി മിസബ ഉള്‍ ഹഖ് പാക്കിസ്ഥാന് പുതുജീവന്‍ നല്‍കി. അവസാന ഓവറില്‍ പാക്കിസ്ഥാനും കിരീടത്തിനും ഇടയില്‍ 13 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൈവശം ഒരു വിക്കറ്റും.
നായകനെന്ന നിലയില്‍ ആദ്യ ടൂര്‍ണമെന്റിനിറങ്ങിയ മഹേന്ദ്ര സിങ് ധോണി ജോഗിന്ദര്‍ ശര്‍മയെയാണ് ബോളിങ്ങിനായി വിളിച്ചത്. മിസബ ജോഗിന്ദറിനെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. നാല് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് എന്ന നിലയിലേക്ക് കളിയെത്തി. അടുത്ത പന്തില്‍ ബോള്‍ സ്കൂപ്പ് ചെയ്ത മിസബയ്ക്ക് പിഴച്ചു. പന്ത് ശ്രീശാന്തിന്റെ കൈകളിലേക്ക്. ശ്രീയുടെ കൈകള്‍ ചോര്‍ന്നില്ല. ഇന്ത്യയ്ക്ക് കിരീടം.
2011 ലോകകപ്പ്
മൊഹാലിയിൽ വച്ച് നടന്ന സെമി ഫൈനലിൽ പാകിസ്ഥാനെ 29 റൺസിന് തകർത്തപ്പോൾ ഇന്ത്യ മറ്റൊരു ചരിത്ര നിമിഷത്തിലേക്കായിരുന്നു ചുവടുവച്ചത്. പതിവ് തെറ്റാതെ സച്ചിൻ വീണ്ടും ഇന്ത്യയുടെ രക്ഷകനായി. 115 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്. ആദ്യ അഞ്ച് ഓവറില്‍ തന്നെ വീരേന്ദര്‍ സേവാഗും സച്ചിനും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.
നിശ്ചിത ഓവറില്‍ 260 റണ്‍സാണ് ഇന്ത്യ നേടിയത്. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് 46 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്ർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 230 റണ്‍സിന് പുറത്തായി. ഇന്ത്യന്‍ ബോളര്‍മാരെല്ലാം രണ്ട് വിക്കറ്റ് വീതം നേടി. സച്ചിനായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
2015 ലോകകപ്പ്
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. 76 റൺസിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ സെഞ്ചുറി 107 (126) മികവും, ശിഖര്‍ ധവാന്‍ 73 (76), സുരേഷ് റെയ്ന 74 (56) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളും ഇന്ത്യന്‍ സ്കോര്‍ 300 ലെത്തിച്ചു. ബോളിങ്ങില്‍ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യക്കായി തിളങ്ങിയത്. 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഷമി നേടിയത്.
2019 ലോകകപ്പ്
മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന ജയമായിരുന്നു ഇന്ത്യ നേടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു മൈതാനത്ത് കണ്ടത്. രോഹിത് ശര്‍മ 140 (113), വിരാട് കോഹ്ലി 77 (65), കെ.എല്‍. രാഹുല്‍ 57 (78) എന്നിവരുടെ മികവില്‍ ഇന്ത്യ 336 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മഴ മൂലം കളി പാതി വഴി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 89 റണ്‍സിന്റെ ജയം സ്വന്തമാക്കി. രോഹിതായിരുന്നു കളിയിലെ താരം.
Also Read: T20 World Cup: ലോകകപ്പില്‍ ആധിപത്യം ഇന്ത്യക്ക്; ചരിത്രം കുറിക്കാന്‍ പാക്കിസ്ഥാന്‍
The post T20 World Cup: പതിറ്റാണ്ടുകളുടെ ചരിത്രം; ഇന്ത്യ-പാക് പോരാട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍ appeared first on Indian Express Malayalam.