തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്കാരം കേരളത്തിന്. സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം അവാർഡ് കേരളത്തിന് ലഭിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സർക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡാണിത്. കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കാൻ നടപ്പിലാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്കാരം. വിവിധ ഗതാഗത സൗകര്യങ്ങൾ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിന്റെ രൂപീകരണം പുരസ്കാരം ലഭിക്കുന്നതിന് സഹായകരമായതായി മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗതാഗത സൗകര്യം വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ഒക്ടോബർ 29ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഹൗസിങ്ങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിങ് പുരി അവാർഡ് വിതരണംചെയ്യും.
Content Highlights:Kerala wins Central Government Award for Best Urban Transport System