ജയ്‌പൂരിലെ ഗോപി ഭോജനാലയത്തിലാണ് ഈ നിയമം. പുരുഷന്മാർ ഒറ്റക്കോ കൂട്ടമായോ വന്നാൽ ഇവിടേക്ക് പ്രവേശനമില്ല. കൂടെ ഭാര്യയോ, മകളോ, അമ്മയോ, സ്ത്രീ സുഹൃത്തോ, കാമുകിയോ അങ്ങനെ ഏതെങ്കിലുമൊരു സ്ത്രീയുണ്ടെങ്കിൽ ‘വെൽക്കം’. ഹർഷിത ശർമ്മ എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവാണ് ഹോട്ടലിലെ നിയമത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പരിപ്പും റൊട്ടിയും കഴിക്കാൻ ഇവർ (ആൺ സുഹൃത്തുക്കൾ) എന്നെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നു’ എന്നാണ് ഹർഷിത ശർമ്മ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഹോട്ടൽ ഏസിയ്ക്ക് മുകളിലായി ഹിന്ദിയിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ‘സ്ത്രീകളോടൊപ്പം വരുമ്പോൾ മാത്രമേ പുരുഷന്മാരെ ഇവിടെ അനുവദിക്കൂ’.
ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഹർഷിത ശർമ്മയുടെ പോസ്റ്റ് വൈറലാണ്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 14,000-ലധികം ലൈക്കുകൾ നേടി മുന്നേറുകയാണ് ട്വീറ്റ്. ഹോട്ടലിലെ നിബന്ധന ചിലരെ രസിപ്പിച്ചപ്പോൾ ചിലർക്ക് അത്ര പിടിച്ചിട്ടില്ല. അവിവാഹിതരായ ബാച്ലർമാർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മദ്യപിച്ചെത്തുന്നവരെ ഒരു പരിധിവരെ ഈ നിബന്ധന തടയും എന്നാണ് ചിലർ അഭിപ്രായം രേഖപ്പെടുത്തുന്നത്. അതെ സമയം ആരുടെയും ശല്യമില്ലാതെ കാമുകി കാമുകന്മാർക്ക് സല്ലപിക്കാനുള്ള ഒരു ഇടമല്ല ഈ ഹോട്ടൽ എന്നാണ് ഒരാളുടെ നർമം കലർന്ന ചോദ്യം.
ഒരു ഉപഭോക്താവ് ഇത്തരത്തിലുള്ള ഹോട്ടൽ ഇന്ത്യയിൽ ആദ്യമല്ല എന്നും പ്രതികരണത്തിൽ കുറിച്ചിട്ടുണ്ട്. വാരണാസിയിൽ, ഗ്രാമീണ സ്ത്രീകൾ ചേർന്ന് ബാറ്റി ചോഖ എന്ന പേരിൽ ഒരു ഹോട്ടൽ നടത്തുന്നുണ്ടത്രേ. ഒരു സ്ത്രീയുടെ അകമ്പടി ഇല്ലാതെ പുരുഷന്മാർ അവിടെ പ്രവേശനമില്ല.