തിരുവനന്തപുരം > യുഡിഎഫ് സർക്കാർ ആലോചിച്ച അതിവേഗ റെയിൽവേ പദ്ധതിയേക്കാൾ ചെലവ് കുറഞ്ഞതാണ് സിൽവർലൈൻ. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയ്ക്ക് ഏറ്റവും അനുയോജ്യം. അതിവേഗ പാതയുടെ ആദ്യഅടങ്കൽ നിശ്ചയിച്ചത് ഒരുലക്ഷം കോടി രൂപയ്ക്കാണ്.
എന്നാൽ, സിൽവർലൈന്റെ വിശദപദ്ധതി റിപ്പോർട്ടിൽ 63,941 കോടി രൂപയാണ് അടങ്കൽ. ഇതിൽ 2150 കോടി കേന്ദ്ര റെയിൽവേ വിഹിതവും. സംസ്ഥാന സർക്കാർ വിഹിതം 3253 കോടി. റെയിൽവേ ഭൂമി വില 975 കോടി. 4252 കോടി പൊതുജന ഓഹരി പങ്കാളിത്തവുമാണ്. അന്തരാഷ്ട്ര ധനസ്ഥാപനങ്ങളിൽനിന്ന് 33,700 കോടി സമാഹരിക്കും.
യാത്രാസമയം ചുരുങ്ങും
സംസ്ഥാനത്തിനകത്തുള്ള ദീർഘദൂര യാത്രാസമയം നാലിലൊന്നാക്കുന്ന പദ്ധതിയാണിത്. ബിസിനസ്, സാങ്കേതിക, ടൂറിസം ഉൾപ്പെടെയുള്ള മേഖലകളുടെ അഭിവൃദ്ധിക്ക് സഹായകരമാകും.
സഞ്ചാര സ്വാതന്ത്ര്യം
പാതയിൽ 137 കിലോമീറ്റർ ദൈർഘ്യത്തിൽ മേൽപ്പാത, തുരങ്കം, വയഡക്ട് എന്നിവയുണ്ടാകും. പാതയിലെങ്ങും സഞ്ചാര സ്വാതന്ത്ര്യത്തിന് കുറവൊന്നുമുണ്ടാകില്ല. ഇതുവഴി ഒരാൾപോലും ഭവനരഹിതരാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലടക്കം ഉറപ്പുനൽകിയിട്ടുണ്ട്.
ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം
പുനരധിവാസം അടക്കമുള്ള പദ്ധതി പ്രവർത്തനത്തിന് 1383 ഹെക്ടർ ഭൂമിവേണം. ഇതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. ഹെക്ടറിന് ഒമ്പതു കോടി രൂപയാണ് സർക്കാരിന്റെ നഷ്ടപരിഹാര നിർദേശം.