കൊച്ചി > കോവിഡ് പ്രതിസന്ധിക്കുശേഷം തിയറ്റർ തുറക്കുന്നത് ആഘോഷമാക്കാൻ ഉടമാസംഘത്തിന്റെ തീരുമാനം. സർക്കാർ അനുമതി നൽകിയതനുസരിച്ച് 25നുതന്നെ തിയറ്ററുകൾ തുറക്കാനും അടുത്തദിവസംമുതൽ പ്രദർശനം തുടങ്ങാനും തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ കൊച്ചിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ നവംബർ 12ന് റിലീസ് ചെയ്യുന്നത് ആഘോഷമാക്കി മാറ്റാനാണ് തീരുമാനം.
അന്യഭാഷാ ചിത്രങ്ങളാകും ആദ്യ ദിവസങ്ങളിൽ റിലീസ് ചെയ്യുക. ജയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, വെനം 2 തുടങ്ങിയവയും തമിഴ്ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. നവംബർ നാലിന് എത്തുന്ന രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യാണ് ഈ നിരയിലെ ബിഗ് റിലീസ്. സ്റ്റാർ, കാവൽ, കുഞ്ഞെൽദോ, അജഗജാന്തരം, ഭൂതകാലം തുടങ്ങിയ ചിത്രങ്ങളും ആദ്യദിവസങ്ങളിൽ റിലീസായേക്കും.
മലയാളത്തിലെ താരചിത്രങ്ങൾ റിലീസ് ചെയ്ത് തിയറ്ററുകളിലേക്ക് കാണികളെ ആകർഷിക്കണമെന്ന ഉടമകളുടെ ആവശ്യപ്രകാരമാണ് ദുൽഖർ ചിത്രത്തിന്റെ റിലീസ് 12ന് തീരുമാനിച്ചത്. കുറുപ്പ് റിലീസ് ചെയ്യുന്നതോടെ കോവിഡിനുശേഷമുള്ള തിയറ്ററുകളുടെ തിരിച്ചുവരവ് പൂർണമാകുമെന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. സംസ്ഥാനത്തെ 700 സ്ക്രീനുകളിലാണ് പ്രദർശനം പുനരാരംഭിക്കുന്നത്. മലയാള സിനിമാ റിലീസുകൾ സംബന്ധിച്ച് തീരുമാനിക്കാൻ 26ന് തിയറ്റർ ഉടമകളുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും സംയുക്തയോഗം ചേരുന്നുണ്ട്.
മോഹൻലാൽ നായകനായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ഫിയോക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൃഥ്വിരാജ് സിനിമകൾ തുടർച്ചയായി ഒടിടിയിൽ റിലീസാകുന്നത് യോഗത്തിൽ ചർച്ചയായി. തിയറ്ററുകൾക്ക് ഒടിടി ഭീഷണിയല്ലെന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു.